വനിത ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ വോൾവ്സ്ബർഗിന് എതിരെ പരാജയത്തിൽ നിന്നു രക്ഷപ്പെട്ടു ആഴ്സണൽ. ആഴ്സണൽ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ജർമ്മൻ ടീം ആണ് എമിറേറ്റ്സിൽ ആദ്യ ഗോൾ നേടിയത്. ജോയെല്ലയുടെ പാസിൽ നിന്നു മുന്നേറ്റ നിര താരം താബയ വാബുത്ത് വോൾവ്സ്ബർഗിന് 19 മത്തെ മിനിറ്റിൽ മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് ഗോൾ തിരിച്ചടിക്കാനുള്ള ആഴ്സണൽ ശ്രമങ്ങൾ ആണ് കാണാൻ ആയത്. പരാജയത്തിലേക്ക് നീങ്ങും എന്നു തോന്നിയ മത്സരത്തിൽ 89 മത്തെ മിനിറ്റിൽ കടുത്ത ആഴ്സണൽ ആരാധിക കൂടിയായ പ്രതിരോധ താരം ലോട്ടെ വുബൻ മോയി ആഴ്സണലിന്റെ രക്ഷക ആയി. പകരക്കാരിയായി ഇറങ്ങിയ ടോബിൻ ഹീത്തിന്റെ പാസിൽ നിന്നു അവസാന നിമിഷം ഗോൾ കണ്ടത്തിയ മോയി ആഴ്സണലിനെ പരാജയത്തിൽ നിന്നു രക്ഷിക്കുക ആയിരുന്നു.
അതേസമയം കരുത്തരായ ലിയോണിനെ യുവന്റസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു. മത്സരത്തിൽ എല്ലി കാർപെന്ററിന്റെ ചുവപ്പ് കാർഡ് ആണ് ഫ്രഞ്ച് ക്ലബിന് തിരിച്ചടിയായത്. മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ കാതറീന മകാറിയോയിലൂടെ ലിയോൺ മുന്നിലെത്തി. തുടർന്ന് മത്സരത്തിൽ വലിയ ആധിപത്യം ആണ് ഫ്രഞ്ച് ക്ലബ് പുലർത്തിയത്. എന്നാൽ 62 മത്തെ മിനിറ്റിൽ എല്ലിക്ക് ലഭിച്ച ചുവപ്പ് കാർഡ് മത്സരത്തിന്റെ ഗതി മാറ്റി. തുടർന്ന് 9 മിനിറ്റിനു അകം യുവന്റസ് മത്സരത്തിൽ ഒപ്പമെത്തി. ക്രിസ്റ്റീന ഗിരല്ലിയാണ് അവർക്ക് സമനില ഗോൾ സമ്മാനിച്ചത്. തുടർന്ന് 83 മത്തെ മിനിറ്റിൽ വിജയ ഗോൾ കണ്ടത്തിയ യുവന്റസ് അട്ടിമറി ജയം സ്വന്തമാക്കി. അരിയാന കരൂസയുടെ പാസിൽ നിന്നു ആഗ്നസ് ബോഫന്റിനിയാണ് ഇറ്റാലിയൻ ക്ലബിന് ആദ്യ പാദത്തിൽ ജയം സമ്മാനിച്ച ഗോൾ നേടിയത്.