ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിൽ ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു ആഴ്സണൽ. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പുറത്തായ നിരാശ ലെസ്റ്ററിന്റെ മൈതാനത്ത് തീർക്കുക ആയിരുന്നു ആഴ്സണൽ വനിതകൾ. ജയത്തോടെ ഒരു കളി കുറവ് കളിച്ച ചെൽസിയെക്കാൾ 2 പോയിന്റുകൾ മുന്നിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താനും ആഴ്സണലിന് ആയി. തരം താഴത്തൽ ഒഴിവാക്കാൻ പൊരുതുന്ന ലെസ്റ്റർ സിറ്റിക്ക് ഇത് കടുത്ത തിരിച്ചടി ആണ് നൽകുക. മത്സരത്തിൽ ഏതാണ്ട് 80 ശതമാനം സമയവും പന്ത് കൈവശം വച്ച ആഴ്സണൽ സമ്പൂർണ ആധിപത്യം ആണ് മത്സരത്തിൽ പുലർത്തിയത്. മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ കാറ്റലിൻ ഫോർഡിന്റെ പാസിൽ നിന്നു ബെതനി മീഡ് ആഴ്സണലിനെ മുന്നിൽ എത്തിച്ചു.
ഒന്നാം പകുതിയിൽ തുടർന്ന് ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കാൻ ലെസ്റ്ററിന് ആയി. എന്നാൽ രണ്ടാം പകുതിയിൽ ആഴ്സണൽ ഗോളടിച്ചു കൂട്ടുക ആയിരുന്നു. 67 മത്തെ മിനിറ്റിൽ വിവിയനെ മിയെദെമ തന്റെ ആദ്യ ഗോൾ കണ്ടത്തി. 75 മത്തെ മിനിറ്റിൽ നികിത പാരീസിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ വിവിയനെ മിയെദെമ ആഴ്സണലിന്റെ വലിയ ജയം ഉറപ്പിച്ചു. സീസണിൽ 18 മത്തെ മത്സരത്തിൽ ഡച്ച് സൂപ്പർ താരത്തിന്റെ പന്ത്രണ്ടാം ഗോൾ ആയിരുന്നു ഇത്. തുടർന്ന് നാലു മിനിറ്റിനുള്ളിൽ ആഷ്ലി സെൽഫ് ഗോൾ വഴങ്ങിയതോടെ ലെസ്റ്റർ നാണക്കേട് ഉറപ്പിച്ചു. കളത്തിൽ ഇറങ്ങി 3 മിനിറ്റിനുള്ളിൽ 83 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ ടോബിൻ ഹീത്ത് ആണ് ആഴ്സണലിന്റെ വലിയ ജയം പൂർത്തിയാക്കിയത്.