സിൻസിനാറ്റി ഓപ്പൺ ഫൈനലിൽ ഇടംപിടിച്ച് ലോക മൂന്നാം നമ്പർ താരം ഇഗ സ്വിയാടെക്. സെമിഫൈനലിൽ എലീന റൈബാകിനയെ നേരിട്ടുള്ള സെറ്റുകൾക്ക് (7-5, 6-3) പരാജയപ്പെടുത്തിയാണ് സ്വിയാടെക് ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ തുടക്കത്തിൽ ചെറിയ തിരിച്ചടി നേരിട്ടെങ്കിലും, തകർപ്പൻ പ്രകടനത്തിലൂടെ താരം വിജയം സ്വന്തമാക്കി.
വിംബിൾഡൺ വിജയിയായ സ്വിയാടെക്, ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ അര്യാന സബലെങ്കയെ ക്വാർട്ടർ ഫൈനലിൽ അട്ടിമറിച്ചെത്തിയ റൈബാകിനയ്ക്ക് മത്സരത്തിൽ ആധിപത്യം നേടാൻ അവസരം നൽകിയില്ല. ആദ്യ സെറ്റിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും, രണ്ടാം സെറ്റിൽ സ്വിയാടെക് ആധിപത്യം സ്ഥാപിക്കുകയായിരുന്നു. നിർണായക ഘട്ടങ്ങളിൽ ബ്രേക്ക് പോയിന്റുകൾ നേടി ആത്മവിശ്വാസത്തോടെ വിജയം ഉറപ്പിക്കാൻ പോളിഷ് താരത്തിന് സാധിച്ചു.
ഫൈനലിൽ ഇറ്റലിയുടെ ജാസ്മിൻ പാവോലിനിയോ റഷ്യയുടെ വെറോനിക കുഡെർമെറ്റോവയോ ആകും സ്വിയാടെകിന്റെ എതിരാളി.