ലോകകപ്പ് യോഗ്യത മത്സരത്തിൽ വമ്പൻ ജയവുമായി ക്രൊയേഷ്യ. ഗ്രൂപ്പ് എച്ചിലെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ക്രൊയേഷ്യ മാൾട്ടയെ പരാജയപ്പെടുത്തിയത്. ആറ് വ്യത്യസ്ത താരങ്ങൾ ഗോളടിച്ച മത്സരത്തിൽ ക്രൊയേഷ്യയുടെ സെൽഫ് ഗോളും പിറന്നു. കളിയുടെ ആറാം മിനുട്ടിൽ ഇവാൻ പെരിസിചിലൂടെ ക്രൊയേഷ്യ ഗോൾ വേട്ടക്കാരംഭം കുറിച്ചു.
22ആം മിനുട്ടിൽ മോഡ്രിചിന്റെ ഫ്രീ കിക്ക് ഹെഡ്ഡ് ചെയ്ത് ദുഹെ കൽറ്റ- കർ രണ്ടാം ഗോളും നേടി. മാഴ്സലോ ബ്രോസോവിചിന്റെ സെൽഫ് ഗോൾ മാൾട്ടക്ക് ആശ്വാസമായെങ്കിലും ആദ്യ പകുതിക്ക് മുൻപേ പസലിചിന്റെയും മോഡ്രിചിന്റെയും ഗോളിൽ 4-1 ആയി സ്കോർ. രണ്ടാം പകുതിയിലും അക്രമിച്ച് കളിച്ച ക്രൊയേഷ്യ 47ആം മിനുട്ടിൽ ലൊവ്രോ മയെറിന്റെ ആദ്യ ഇന്റർനാഷണൽ ഗോളിൽ ലീഡുയർത്തി. വൈകാതെ ആന്ദ്രെ ക്രമാറിചും ക്രൊയേഷ്യക്കായി ഗോൾ കണ്ടെത്തി. 64ആം മിനുട്ടിൽ മയെറിന്റെ കളിയിലെ രണ്ടാം ഗോളോട് കൂടി ക്രൊയേഷ്യ 7-1ന്റെ ജയവും സ്വന്തമാക്കി. ഗ്രൂപ്പ് എച്ചിൽ 22 പോയന്റുമായി റഷ്യയാണ് ഒന്നാമത്. ഒൻപത് കളികൾ പിന്നിടുമ്പോൾ 20 പോയന്റുമായി രണ്ടാമതാണ് ക്രൊയേഷ്യ. ഗ്രൂപ്പ് എച്ചിൽ സ്ലൊവേനിയയും സ്ലൊവാക്യയും രണ്ട് ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.