ആണുങ്ങളുടെ കളി അല്ല എല്ലാവരുടെയും കളി ആണ് ഫുട്‌ബോൾ എന്നു പറയുമ്പോഴും എല്ലാ നിലക്കും രണ്ടിനും ഇടയിലുള്ള അന്തരം മറ്റ് പല സ്പോർട്സിനെക്കാൾ അധികം ആണ് എന്നത് വലിയ യാഥാർത്ഥ്യം ആണ്. അതിന്റെ ഇടയിൽ ആണ് പുരുഷ ടീമിനേക്കാൾ വരുമാനവും കാണികളെയും ആരാധകരെയും നേട്ടങ്ങളെയും ഉണ്ടാക്കാൻ ആയിട്ട് കൂടി അമേരിക്കൻ വനിത ടീം അടക്കം നേരിട്ട വിവേചനം. ഇന്നും ആ വിവേചനത്തിന് എതിരെ മേഗൻ റപിയോനെയെ പോലുള്ള അമേരിക്കൻ താരങ്ങൾ പ്രതിഷേധിക്കുന്നുമുണ്ട്. അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഫുട്‌ബോൾ മത്സരം ഒക്കെയായി 2015, 2019 വനിത ലോകകപ്പ് ഫൈനൽ മത്സരങ്ങൾ ആയത് ചരിത്രം ആണ്. ഏതാണ്ട് സമാനമായ സ്വീകാര്യത യൂറോപ്പിൽ വനിത ഫുട്‌ബോളിന് ലഭിക്കുന്നത് ആണ് നിലവിലെ കാഴ്ച. ഈ വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന വനിത യൂറോ കപ്പിനുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റത്.
2017 ൽ ഹോളണ്ടിൽ ഏതാണ്ട് രണ്ടര ലക്ഷം മാത്രം ടിക്കറ്റുകൾ വിറ്റ അവസ്ഥയിൽ നിന്നു ഏഴു ലക്ഷം ടിക്കറ്റിൽ നിന്നു ഏതാണ്ട് മൂന്നര ലക്ഷം അടുത്തു ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റ് തീർന്നു എന്നാണ് യുഫേഫ പറയുന്നത്. വരും ദിനങ്ങളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർക്കാൻ ആവും എന്നാണ് യുഫേഫ പ്രതീക്ഷ. ഹോളണ്ടിൽ ടൂർണമെന്റ് കാണാൻ എത്തിയ കാണികൾ റെക്കോർഡ് ആണെങ്കിൽ അത് ഇത്തവണ ഇംഗ്ലണ്ടിൽ തകരും എന്നുറപ്പാണ്. ജൂലൈ 6 മുതൽ 31 വരെ നടക്കുന്ന വനിത യൂറോയുടെ ഫൈനൽ സെമിഫൈനൽ ടിക്കറ്റുകൾ ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ വിറ്റ് തീർന്നു എന്നതും വനിത ഫുട്‌ബോളിന് ലഭിക്കുന്ന വലിയ സ്വീകാര്യതക്ക് തെളിവ് ആണ്. ഇംഗ്ലണ്ടിന്റെ മത്സരത്തിനുള്ള ടിക്കറ്റുകളും ഇതിനകം വിറ്റ് തീർന്നിട്ടുണ്ട്. ഓൾഡ് ട്രാഫോർഡിലെ ഇംഗ്ലണ്ട്, ഓസ്ട്രിയ മത്സരത്തോടെ തുടങ്ങുന്ന ടൂർണമെന്റ് 10 സ്റ്റേഡിയത്തിൽ ആയി ആണ് നടക്കുക. കഴിഞ്ഞ കൊല്ലം നടക്കേണ്ട യൂറോ ഈ വർഷത്തേക്ക് കോവിഡ് കാരണം മാറ്റി വക്കുക ആയിരുന്നു.
അതേസമയം ക്ലബ് ഫുട്‌ബോളിലും സമാനമായ മാറ്റം ആണ് വനിത ഫുട്‌ബോളിൽ ഉണ്ടാവുന്നത്. ഇന്നലെ വനിത ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്‌സലോണ, റയൽ മാഡ്രിഡ് മത്സരം കാണാൻ 91,553 എന്ന ലോക റെക്കോർഡ് കാണികൾ ആണ് ക്യാമ്പ് ന്യൂവിൽ എത്തിയത്. 60,739 എന്ന പഴയ റെക്കോർഡ് ക്യാമ്പ് ന്യൂവിൽ വലിയ വ്യത്യാസത്തിൽ ആണ് തിരുത്തപ്പെട്ടത്. മറ്റൊരു ക്വാർട്ടർ ഫൈനൽ ആയ പി.എസ്.ജി, ബയേൺ മത്സരത്തിനും 30,000 അടുത്തു കാണികൾ എത്തി. തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലും പാരീസിൽ ഇത് റെക്കോർഡ് കാണികൾ ആയിരുന്നു കളി കാണാൻ എത്തിയത്. ഇംഗ്ലണ്ടിൽ ആഴ്‌സണലിന്റെയും ചെൽസിയുടെയും മത്സരങ്ങൾ കാണാനും റെക്കോർഡ് കാണികൾ ആണ് എത്തുന്നത്. ഫ്രാൻസിൽ ലിയോൺ, ജർമ്മനിയിലും ഇറ്റലിയിലും വമ്പൻ ടീമുകളുടെ മത്സരങ്ങൾ എന്നിവക്ക് എല്ലാം മുമ്പത്തെക്കാൾ ആരാധക പിന്തുണയാണ് നിലവിൽ ലഭിക്കുന്നത്. പരിശീലന മൈതാനത്ത് നിന്നു വനിത ഫുട്‌ബോൾ മത്സരങ്ങൾ കൂടുതൽ കൂടുതൽ പ്രധാന മൈതാനത്തിൽ നടക്കുന്ന കാഴ്ചയും ഈ സ്വീകാര്യതക്ക് തെളിവ് ആണ്. അതിനോടൊപ്പം വനിത ചാമ്പ്യൻസ് ലീഗും, ഇംഗ്ലീഷ് വനിത സൂപ്പർ ലീഗും ഒക്കെ മുമ്പത്തെക്കാൾ പ്രാധാനത്തോടെ ചാനലുകൾ സംപ്രേഷണം ചെയ്തു തുടങ്ങിയതും പ്രധാന മാറ്റം ആണ്.
വനിത ഫുട്‌ബോളിന് ഉണ്ടായ ഈ പുതിയ സ്വീകാര്യത ലോകം മുഴുവൻ വലിയ മാറ്റങ്ങൾ തന്നെയാണ് ഫുട്‌ബോളിന് ഉണ്ടാക്കുന്നത്. ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളും തങ്ങളുടെ വനിത ടീമുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് സമീപകാലത്തെ കാഴ്ചയാണ്. ഇന്ന് പുരുഷ ടീമിന് ഒപ്പം മികച്ച വനിത ടീം ഉണ്ടാവുക എന്നത് ഏതൊരു ക്ലബിന്റെയും അഭിമാന പ്രശ്നം കൂടിയായി മാറുന്നുണ്ട്. ഇതിനോടൊപ്പം വനിത ഫുട്‌ബോൾ താരങ്ങൾക്ക് മുമ്പ് ഇല്ലാത്ത വിധം ആരാധകരെയും സ്പോൺസർമാരെയും ആകർഷിക്കാനും ആവുന്നുണ്ട്. നിലവിൽ വനിത ഫുട്‌ബോൾ താരങ്ങൾക്ക് പുരുഷ ഫുട്‌ബോൾ താരങ്ങളെ പോലെ അല്ലെങ്കിൽ കൂടി സൂപ്പർ താര പദവി നേടാൻ ആവുന്നുണ്ട്. വനിത ഫുട്‌ബോളിന്റെ പുതിയ ഈ സ്വീകാര്യത പണ്ട് വനിത ഫുട്‌ബോളിനെ അവഗണിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് ടീമുകളെ അടക്കം മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും കാണാൻ ഇടയായി. ബാലൻ ഡിയോറിലും ഫിഫ അവാർഡിലും അടക്കം വനിത താരങ്ങളും പരിശീലകരും ഉൾപ്പെട്ടതും ഈ സ്വീകാര്യതക്ക് ഉദാഹരണം ആണ്. വനിത ഫുട്‌ബോൾ ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കും എന്നതിൽ സംശയം ഒന്നും വേണ്ട.