2022 ലെ വനിത യൂറോകപ്പിനുള്ള മത്സര ഗ്രൂപ്പുകൾ ആയി. 16 ടീമുകൾ പങ്കെടുക്കുന്ന ഇംഗ്ലണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ നാലു ഗ്രൂപ്പുകൾ ആണ് ഉള്ളത്. ഗ്രൂപ്പ് എയിൽ ഇംഗ്ലണ്ട്, ഓസ്ട്രിയ, നോർവേ, വടക്കൻ അയർലന്റ് ടീമുകൾ അണിനിരക്കുമ്പോൾ ഏറ്റവും കടുപ്പമുള്ള ബി ഗ്രൂപ്പിൽ ജർമ്മനി, സ്‌പെയിൻ, ഡെന്മാർക്ക്, ഫിൻലാന്റ് ഗ്രൂപ്പുകൾ അണിനിരക്കും. സി ഗ്രൂപ്പിൽ നെതർലാന്റ്സ്, സ്വീഡൻ, റഷ്യ, സ്വിസർലാന്റ് ടീമുകൾ അണിനിരക്കുമ്പോൾ ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ്, ഇറ്റലി, ബെൽജിയം, ഐസ്ലാന്റ് ടീമുകൾ പരസ്പരം മാറ്റുരക്കും.
ഗ്രൂപ്പ് ഘട്ടത്തിൽ ഡച്ച്, സ്വീഡൻ മത്സരവും ജർമ്മനി, സ്‌പെയിൻ മത്സരവും വമ്പൻ പോരാട്ടങ്ങൾ ആവും എന്നുറപ്പാണ്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാർ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരും ആയി ആവും ക്വാർട്ടർ ഫൈനൽ കളിക്കുക. അതേപോലെ തിരിച്ചും. അതേസമയം ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരും പരസ്പരം ക്വാർട്ടറിൽ ഏറ്റുമുട്ടും. അതേപോലെ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാർ ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരും ആയി പരസ്പരം ഏറ്റുമുട്ടും. 2022 ജൂലൈയിൽ ആണ് വനിത യൂറോകപ്പ് പോരാട്ടം നടക്കുക. കരുത്തരായ ഫ്രാൻസ്, നെതർലാന്റ്സ്,ഇംഗ്ലണ്ട്, സ്വീഡൻ തുടങ്ങി പലരും കിരീടം തന്നെ ലക്ഷ്യം വച്ച് ആവും കളത്തിൽ ഇറങ്ങുക.