അവസാന നിമിഷം വോൾവ്സ് ഹൃദയം തകർത്ത് ലിവർപൂൾ, ക്ലോപ്പിന്റെ ടീം ചെൽസിക്ക് മുന്നിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വോൾവ്സിന്റെ സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ തുടർച്ചയാണ് ഇന്ന് മൊലിനക്സ് സ്റ്റേഡിയത്തിൽ കണ്ടത് എങ്കിലും അവസാനം മൂന്ന് പോയിന്റുമായി ലിവർപൂൾ മടങ്ങി. ഗോളടിച്ചു കൂട്ടി നടക്കുക ആയിരുന്ന ലിവർപൂളിനെ 95ആം മിനുട്ട് വരെ ഗോളടിപ്പിക്കാതെ നിർത്താൻ ബ്രൂണോ ലാഹെയുടെ വോൾവ്സിനായി, പക്ഷെ അവസാന നിമിഷ ഗോളിൽ റെഡ്സ് വിജയം ഉറപ്പിച്ചു.

ഇന്ന് തുടക്കം മുതൽ ലിവർപൂൾ അറ്റാക്കുകളെ തടയാൻ വോൾവ്സിനായി. പന്ത് കൈവശം വെച്ചത് കൂടുതൽ ലിവർപൂൾ ആയിരുന്നു എങ്കിലും അവർക്ക് അത്ര മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ആയിരുന്നില്ല.

രണ്ടാം പകുതിയിൽ ലിവർപൂൾ അറ്റാക്കിംഗ് താരം ജോടയ്ക്ക് ലഭിച്ചതായിരുന്നു ലിവർപൂളിന്റെ ഏറ്റവും മികച്ച അവസരം. ഗോൾ കീപ്പർ ജോ സായുടെ പിഴവിൽ നിന്ന് കിട്ടിയ പന്ത് സ്വീകരിച്ച് മുന്നേറിയ ജോട ഗോളിയില്ലാ പോസ്റ്റിന് 6 വാരെ അകലെയെത്തി ഷോട്ട് തൊടുത്തു എങ്കിലും വോൾവ്സ് ക്യാപ്റ്റൻ കോഡി ഗോൾ ലൈനിൽ നിന്ന് ആ ഷോട്ട് തടഞ്ഞു. കളിയുടെ അവസാനം മാനെയ്ക്കും മികച്ച ഒരു അവസരം ലഭിച്ചിരുന്നു. ആ ഷോട്ട് വോൾവ്സ് കീപ്പർ സാ തടഞ്ഞു.

കളി സമനിലയിലാകും എന്ന് തോന്നിയ നിമിഷത്തിൽ ഒറിഗിയുടെ വിജയ ഗോൾ വന്നു. സലാ ഒരുക്കിയ അവസരം 95ആം മിനുട്ടിൽ ആണ് ഒറിഗി ലക്ഷ്യത്തിൽ എത്തിച്ചത്. ചെൽസി പരാജയപ്പെട്ട ഇന്ന് വിജയിക്കാൻ ആയത് ലിവർപൂളിന് കിരീട പോരാട്ടത്തിൽ വലിയ ഗുണമാകും. 15 മത്സരങ്ങളിൽ 34 പോയിന്റുമായി ചെൽസിക്ക് ഒരു പോയിന്റ് മുന്നിൽ എത്താൻ ലിവർപൂളിനായി.