ഇംഗ്ലണ്ടിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത തോൽവി. സ്വന്തം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് വോൾവ്സിനോടാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടത്ത്. നുനോ ഗോമസിന്റെ വോൾവ്സിന്റെ ഗംഭീര ഡിഫൻസീവ് പ്രകടനം കണ്ട മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വോൾവ്സിന്റെ വിജയം.
കൗണ്ടർ അറ്റാക്കിൽ വിശ്വാസമർപ്പിച്ച് കൂടിതൽ ഡിഫൻസിലേക്ക് ഇറങ്ങിയായിരുന്നു ഇന്ന് വോൾവ്സിന്റെ കളി. ആദ്യ പകുതിയിൽ തന്നെ കൗണ്ടർ അറ്റാക്കിലൂടെ മൂന്ന് സുവർണ്ണാവസരങ്ങൾ വോൾവ്സിന് ലഭിച്ചിരുന്നു എങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ ആയില്ല. എന്നൽ രണ്ടാം പകുതിയിൽ 80ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ തന്നെ വോൾവ്സ് ലീഡ് എടുത്തു.
റൗൾ ജിമിനസും ട്രയോരെയും കൂടെ നടത്തിയ മുന്നേറ്റം മാഞ്ചസ്റ്റർ സിറ്റി ഡിഫൻസിനെ തകർത്തു കളഞ്ഞു. ജിമിനസ് കൊടുത്ത പാസ് സ്വീകരിച്ച് എഡേഴ്സണെ മറികടന്ന ട്രവോരെ ലക്ഷ്യം കണ്ടു. ഗോൾ കീപ്പർ പാട്രിസിയോയുടെയും ഡിഫൻസീവ് ലൈനിന്റെയും മികവിൽ ആ ഒരു ഗോൾ കൊണ്ട് തന്നെ സിറ്റിയെ കീഴ്പ്പെടുത്താൻ വോൾവ്സിനാകുമായിരുന്നു. എന്നാൽ കളിയുടെ അവസാന നിമിഷത്തിൽ ഒരിക്കൽ കൂടെ ജിമിനസ് – ട്രയോരെ സംഘം ഒരുമിച്ചു. വീണ്ടും ഒരു ട്രയോരെ ഗോളിൽ 2-0ന് മുന്നിൽ എത്തിച്ച് വോൾവ്സ് ജയം ഉറപ്പിച്ചു.
മാഞ്ചസ്റ്റർ സിറ്റിയുടെ ഈ സീസണിലെ രണ്ടാം തോൽവിയാണിത്. നേരത്തെ നോർവിചിനോടും ഞെട്ടിക്കുന്ന തോൽവി സിറ്റി വഴങ്ങിയിരുന്നു. ഇതോടെ ലീഗിന്റെ തലപ്പത്ത് ലിവർപൂളിന് 8 പോയന്റിന്റെ ലീഡ് ആയി.