ഗ്രാന്റ് സ്ലാം റെക്കോർഡ് തേടി സെറീന വീണ്ടും വിംബിൾഡണിൽ ഇറങ്ങുന്നു! വീണ്ടും അപ്രതീക്ഷിത ജേതാവ് ഉണ്ടാവുമോ വനിതകളിൽ?

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ എന്ന റെക്കോർഡ് തേടി സെറീന വില്യംസ് കളിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ നാലു ആയി. ഇപ്പോഴും പരിശ്രമിക്കുകിൽ എന്തിനെയും വശത്തിലാക്കാൻ ആവും എന്ന പ്രതീക്ഷ വച്ച് തന്നെയാണ് സെറീന രണ്ടു കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന വിംബിൾഡണിൽ ഇറങ്ങാൻ പോകുന്നതും. 2017 ൽ ഗർഭിണി ആയിരിക്കെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ ശേഷം 2018, 2019 വിംബിൾഡൺ, യു.എസ് ഓപ്പൺ ഫൈനൽ അടക്കം നാലു ഗ്രാന്റ് സ്‌ലാം ഫൈനലുകൾ ആണ് സെറീന വില്യംസ് കളിച്ചത്. എന്നാൽ 24 മത്തെ റെക്കോർഡ് നേട്ടം പക്ഷെ കൈവരിക്കാൻ സെറീനക്ക് ഈ നാലു ഫൈനലുകളിലും ആയില്ല. ഈ ഫൈനലുകളിൽ തീർത്തും ഏകപക്ഷീയമായി ആയിരുന്നു സെറീന തോറ്റതും. 2018 ൽ ജർമ്മൻ താരം ആഞ്ചലി കെർബർ ആണെങ്കിൽ 2019 ൽ റൊമാനിയൻ താരം സിമോണ ഹാലപ്പ് ആണ് സെറീനയെ വീഴ്ത്തിയത്. എന്നാൽ ഇത്തവണ ഈ ദുരവസ്ഥ തിരുത്തുക എന്ന ഉദ്ദേശത്തിൽ ആണ് അമ്മയായ ശേഷം ആദ്യ ഗ്രാന്റ് സ്‌ലാം കിരീടനേട്ടം ലക്ഷ്യം വക്കുന്ന സെറീന വിംബിൾഡണിൽ ഇറങ്ങുക. ആറാം സീഡ് ആയാണ് സെറീന ടൂർണമെന്റിൽ എത്തുക. ആറാം സീഡ് ആണെങ്കിലും പലരും രണ്ടാം സീഡ് ആയ ഹാലപ്പ് കൂടി പിന്മാറിയതോടെ സെറീനക്ക് ആണ് കൂടുതൽ സാധ്യത കാണുന്നത്. ഏഴു തവണ വിംബിൾഡൺ ജേതാവ് ആയ സെറീന അവസാനം കളിച്ച 4 വിംബിൾഡണിലും ഫൈനൽ കളിച്ചിട്ടും ഉണ്ട്. 39 കാരിയായ സെറീന ഏറ്റവും പ്രായം കൂടിയ ഗ്രാന്റ് സ്‌ലാം ജേതാവ് എന്ന തന്റെ തന്നെ റെക്കോർഡ് തകർക്കാൻ കൂടിയാണ് ഇത്തവണ ഇറങ്ങുന്നത്.

ആദ്യ റൗണ്ടിൽ ബെലാറസ് താരം അലികസാന്ദ്ര സാസ്നോവിച് ആണ് സെറീന വില്യംസിന്റെ എതിരാളി. മൂന്നാം റൗണ്ടിൽ 2018 ലെ ഫൈനലിന്റെ ആവർത്തനം ആയി ജർമ്മൻ താരം ആഞ്ചലി കെർബറിനെ സെറീന വില്യംസ് നേരിടാവുന്നത് ആണു. പഴയ ഫോമിന്റെ നിഴലിൽ ആയ കെർബർ സെറീനക്ക് വലിയ വെല്ലുവിളി ആവാൻ സാധ്യതയില്ല. അതേസമയം നാലാം റൗണ്ടിൽ ലോക ഇരുപതാം നമ്പർ താരം അമേരിക്കയുടെ തന്നെ യുവതാരം കൊക്കോ ഗോഫ് ആവും സെറീനയുടെ എതിരാളി. സെറീനയുടെ കടുത്ത ആരാധികയായ ഗോഫ് സെറീന പോരാട്ടം വന്നാൽ അത് വിംബിൾഡണിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം ആവും. ഇത് വരെ പരസ്പരം ഏറ്റുമുട്ടിയിട്ടില്ല ഇരുവരും. അതേസമയം ഒമ്പതാം സീഡ് ബലിന്ത ബെനെചിച്ചും നാലാം റൗണ്ടിൽ സെറീനക്ക് നേരിടാവുന്ന താരം ആണ്. മൂന്നാം സീഡ് ആയ ഉക്രൈൻ താരം എലീന സ്വിറ്റോലീന ആവും മിക്കവാറും ക്വാർട്ടർ ഫൈനലിൽ സെറീനയുടെ എതിരാളി. 2019 ലെ വിംബിൾഡൺ സെമിഫൈനലിസ്റ്റ് കൂടിയാണ് സ്വിറ്റോലീന. കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിച്ച അനസ്‌തേഷ്യക്ക് പുറമെ കരോലിന മുച്ചോവക്കും സെറീനയുടെ ക്വാർട്ടർ ഫൈനൽ എതിരാളി ആവാൻ സാധ്യതയുണ്ട്. ഒന്നാം സീഡ് ആയ ആഷ് ബാർട്ടി സെറീന വില്യംസ് സെമിഫൈനലിന് തന്നെയാണ് കൂടുതൽ സാധ്യത. എന്നാൽ സെറീനയുടെ സുഹൃത്ത് കൂടിയായ മറ്റൊരു ഇതിഹാസ താരം 12 സീഡ് വിക്ടോറിയ അസരങ്ക 14 സീഡും നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവും ആയ ബാർബറ ക്രജികോവ, അഞ്ചാം സീഡ് മുൻ യു.എസ് ഓപ്പൺ ബിയാങ്ക ആന്ദ്രീസ്കു എന്നിവരിൽ ഒരാളും ചിലപ്പോൾ സെമിഫൈനലിൽ എത്തിയേക്കാം. ഫൈനലിൽ ഒസാക്ക, ഹാലപ്പ് എന്നിവർ പിന്മാറിയതോടെ രണ്ടാം സീഡ് ആയ ആര്യാന സബലങ്ക, രണ്ടു തവണ വിംബിൾഡൺ ജേതാവ് ആയ പത്താം സീഡ് പെട്ര ക്വിറ്റോവ, 2017 ലെ ജേതാവും 11 സീഡും ആയ ഗബ്രീൻ മുഗുരുസ ഒപ്പം നാലാം സീഡ് യു.എസ് ഓപ്പൺ ജേതാവ് സോഫിയ കെനിൻ ഏഴാം സീഡും മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവും ആയ ഇഗ സ്വിയാറ്റക് എന്നിവരിൽ ആരെങ്കിലും ആവും സെറീനയുടെ എതിരാളി. പുതു തലമുറയെ മറികടന്നു സെറീന കിരീടം ചൂടുമോ എന്നു കാത്തിരുന്നു കാണാം.

ഒന്നാം സീഡ് ആയ ഓസ്‌ട്രേലിയൻ താരവും മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ആയ ആഷ് ബാർട്ടി ആദ്യ റൗണ്ടിൽ അനുഭവസമ്പന്നയായ സ്പാനിഷ് താരം കാർല സുവാരസിനെയാണ് നേരിടുക. ഒന്നാം സീഡ് ആണെങ്കിലും പൂർണമായും ശാരീരിക ക്ഷമത ബാർട്ടി കൈവരിച്ചിട്ടുണ്ടോ എന്ന സംശയം പലരും ഉയർത്തുന്നുണ്ട്. അതിനാൽ തന്നെ ചിലപ്പോൾ ആദ്യ റൗണ്ടിൽ തന്നെ കടുത്ത പോരാട്ടം ബാർട്ടി നേരിട്ടേക്കാം. മൂന്നാം റൗണ്ടിൽ 27 സീഡ് ബ്രിട്ടീഷ് താരം യോഹാന കോന്റെയും ബാർട്ടിക്ക് വലിയ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്. ക്വാർട്ടർ ഫൈനലിൽ അഞ്ചാം സീഡ് കനേഡിയൻ താരം ബിയാങ്ക ആന്ദ്രീസ്കു പരീക്ഷ ഉറപ്പായിട്ടും വലിയ വെല്ലുവിളി ആവും ബാർട്ടിക്ക്. സെമിയിൽ ആറാം സീഡ് സെറീന വില്യംസ് അല്ലെങ്കിൽ മൂന്നാം സീഡ് എലീന സ്വിറ്റോലീന എന്നിവരിൽ ഒരാളെ ബാർട്ടി നേരിടാൻ ആണ് കൂടുതൽ സാധ്യത. ഫൈനലിൽ ആവട്ടെ രണ്ടാം സീഡ് ആര്യാന സബലങ്ക, മുൻ ജേതാക്കൾ ആയ പെട്ര ക്വിറ്റോവ, ഗബ്രീൻ മുഗുരുസ നാലാം സീഡ് സോഫിയ കെനിൻ എന്നിവരിൽ ആരും ആവാം ബാർട്ടിയുടെ എതിരാളി. 2002 നു ശേഷം വിംബിൾഡൺ കിരീടം ഉയർത്തുന്ന ആദ്യ ഓസ്‌ട്രേലിയൻ താരം ആവാൻ ആദ്യ റൗണ്ടിൽ തന്നെ വലിയ വെല്ലുവിളികൾ ആഷ് ബാർട്ടി നേരിടേണ്ടി വരും എന്നുറപ്പാണ്.

രണ്ടാം സീഡ് ആയ ബെലാറസ് താരം ആര്യാന സബലങ്ക യോഗ്യത നേടി വരുന്ന ബ്രിട്ടീഷ് താരം കാറ്റിയെ ആണ് നേരിടുക. നാലാം റൗണ്ടിൽ 15 സീഡ് ഗ്രീക്ക് താരം മരിയ സക്കാരി സബലങ്കക്ക് വെല്ലുവിളി ഉയർത്താൻ പറ്റുന്ന താരമാണ്. ക്വാർട്ടർ ഫൈനലിൽ ഏഴാം സീഡ് ആയ പോളണ്ട് താരവും മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവും ആയ ഇഗ സ്വിയാറ്റക് അല്ലെങ്കിൽ മുൻ വിംബിൾഡൺ ജേതാവും 11 സീഡും ആയ ഗബ്രീൻ മുഗുരുസ എന്നിവരിൽ ഒരാൾ ആവും മിക്കവാറും സബലങ്കയുടെ എതിരാളി. സെമിയിൽ ആവട്ടെ നാലാം സീഡ് സോഫിയ കെനിൻ രണ്ടു തവണ വിംബിൾഡൺ ജേതാവ് ആയ പത്താം സീഡ് പെട്ര ക്വിറ്റോവ, എട്ടാം സീഡ് കരോളിന പ്ലിസ്‌കോവ എന്നിവരിൽ ഒരാൾ ആവും എതിരാളി. ഈ കടമ്പകൾ കടന്നാൽ ഫൈനലിൽ സാക്ഷാൽ സെറീന വില്യംസ്, ഒന്നാം സീഡ് ആഷ് ബാർട്ടി മൂന്നാം സീഡ് എലീന സ്വിറ്റോലീന തുടങ്ങിയവരിൽ ഒരാളുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് മാത്രമേ സബലങ്കക്ക് തന്റെ ആദ്യ വിംബിൾഡൺ കിരീടം സ്വന്തമാക്കാൻ പറ്റൂ.

മൂന്നാം സീഡ് ആയ ഉക്രൈൻ താരം എലീന സ്വിറ്റോലീന 2019 ലെ സെമിഫൈനൽ നേട്ടത്തിൽ നിന്നു ഉയരാൻ ആവും ഇത്തവണ ലക്ഷ്യം വക്കുക. ബെൽജിയം താരം ആലിസൻ ആണ് സ്വിറ്റോലീനയുടെ ആദ്യ റൗണ്ട് എതിരാളി. നാലാം റൗണ്ടിൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റ് ആയ പതിനാറാം സീഡ് അനസ്‌തേഷ്യ, 19 സീഡ് കരോലിന മുച്ചോവ എന്നിവരിൽ ഒരാൾ ആവും സ്വിറ്റോലീനയുടെ എതിരാളി. നാലാം റൗണ്ട് വരെ ഏതാണ്ട് എളുപ്പം തന്നെയാണ് സ്വിറ്റോലീനക്ക്. ക്വാർട്ടർ ഫൈനലിൽ ആറാം സീഡ് സെറീന വില്യംസ് തന്നെയാവും സ്വിറ്റോലീന നേരിടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള എതിരാളി. അതേസമയം ഒമ്പതാം സീഡ് ബലിന്ത ബെനെചിച്, ഇരുപതാം സീഡ് യുവ താരം കൊക്കോ ഗോഫ്, 25 സീഡ് മുൻ ജേതാവ് ആഞ്ചലി കെർബർ എന്നിവരും നേരിടാൻ സാധ്യതയുള്ള എതിരാളികൾ ആണ്. സെമിയിൽ ഒന്നാം സീഡ് ആഷ് ബാർട്ടിയെ ആവും മിക്കവാറും സ്വിറ്റോലീന നേരിടുക. വിക്ടോറിയ അസരങ്ക, ബാർബറ ക്രജികോവ, ബിയാങ്ക ആന്ദ്രീസ്കു എന്നിവരും സ്വിറ്റോലീനക്ക് നേരിടേണ്ടി വരാവുന്ന സെമിഫൈനൽ എതിരാളികൾ ആണ്. ഈ കടമ്പ കടന്നാൽ രണ്ടാം സീഡ് ആര്യാന സബലങ്ക, മുൻ ജേതാക്കൾ ആയ പെട്ര ക്വിറ്റോവ, ഗബ്രീൻ മുഗുരുസ നാലാം സീഡ് സോഫിയ കെനിൻ എന്നിവരിൽ ഒരാൾ ആവാം സ്വിറ്റോലീനക്ക് ഫൈനലിൽ നേരിടേണ്ടി വരിക. കഴിഞ്ഞ വിംബിൾഡൺ സെമിഫൈനൽ നേട്ടം ഫൈനൽ ആക്കാൻ സ്വിറ്റോലീനക്ക് മുന്നിൽ വലിയ കടമ്പകൾ തന്നെയാണ് ഉള്ളത്.

മുൻ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവ് ആയ അമേരിക്കൻ ഒന്നാം നമ്പർ നാലാം സീഡ് സോഫിയ കെനിനും ലക്ഷ്യം വക്കുന്നത് തന്റെ ആദ്യ വിംബിൾഡൺ കിരീടത്തിനു ആണ്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിലും കളിച്ച കെനിൻ സമാന നേട്ടം പുൽ മൈതാനത്ത് ആവർത്തിക്കാൻ ആണ് ശ്രമിക്കുന്നത്. യോഗ്യത കളിച്ചു വരുന്ന ചൈനീസ് താരം വാങ് ആണ് കെനിന്റെ ആദ്യ റൗണ്ട് എതിരാളി. നാലാം റൗണ്ടിൽ ബെൽജിയം താരം 13 സീഡ് എൽസി മെർട്ടൻസ് അല്ലെങ്കിൽ അമേരിക്കയുടെ തന്നെ മാഡിസൺ കീയ്സ് എന്നിവരിൽ ഒരാൾ ആവും കെനിനിന്റെ എതിരാളി. ക്വാർട്ടറിൽ ആവട്ടെ എട്ടാം സീഡ് കരോലിന പ്ലിസ്കോവ, പത്താം സീഡ് മുൻ ജേതാവ് പെട്ര ക്വിറ്റോവ എന്നിവരിൽ ഒരാൾ ആയേക്കും കെനിനിന്റെ എതിരാളി. സെമിയിൽ ആവട്ടെ രണ്ടാം സീഡ് ആര്യാന സബലങ്ക, മുൻ ജേതാവ് ഗബ്രീൻ മുഗുരുസ, ഏഴാം സീഡ് സ്വിയാറ്റക് എന്നിവരിൽ ഒരാളെ ആവും കെനിന് മറികടക്കാൻ ഉണ്ടാവുക. ഫൈനലിൽ ആവട്ടെ സാക്ഷാൽ സെറീന വില്യംസ്, ഒന്നാം സീഡ് ആഷ് ബാർട്ടി, മൂന്നാം സീഡ് എലീന സ്വിറ്റോലീന എന്നിവരിൽ ഒരാളെ ആവും കെനിന് മറികടക്കാൻ ഉണ്ടാവുക. സമീപകാലത്ത് എന്ന പോലെ ഒരു പ്രവചനങ്ങൾക്കും ഇട നൽകാതെ പുതിയ ജേതാവിനെ വനിതാ ഗ്രാന്റ് സ്‌ലാമിൽ കാണാൻ ആവുമോ എന്ന ചോദ്യത്തിന് ഒപ്പം 39 മത്തെ വയസ്സിൽ 24 മത്തെ ഗ്രാന്റ് സ്‌ലാം എന്ന റെക്കോർഡ് നേട്ടത്തിന് ഒപ്പം സെറീന വില്യംസ് എത്തുമോ എന്നത് തന്നെയാണ് ഈ വിംബിൾഡണിലെ വലിയ ചോദ്യങ്ങൾ.