മുൻ ലോക ഒന്നാം നമ്പറും 2019 ലെ വിംബിൾഡൺ ജേതാവും ആയ സിമോണ ഹാലപ്പ് വിംബിൾഡൺ അവസാന നാലിൽ. തുടർച്ചയായ പന്ത്രണ്ടാം ജയം വിംബിൾഡണിൽ കുറിച്ച പതിനാറാം സീഡ് ആയ റൊമാനിയൻ താരം ഇരുപതാം സീഡ് അമേരിക്കയുടെ അമാന്ത അനിസിമോവയെ 65 മിനിറ്റ് മാത്രം നീണ്ടു നിന്ന പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് തകർക്കുക ആയിരുന്നു. 2019 നു ശേഷം ഇത് ആദ്യമായാണ് ഹാലപ്പ് വിംബിൾഡണിൽ സെമിഫൈനലിൽ എത്തുന്നത്.
കരിയറിലെ ഒമ്പതാം ഗ്രാന്റ് സ്‌ലാം സെമിഫൈനൽ നേട്ടം ആണ് ഹാലപ്പിന് ഇത്. മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ഹാലപ്പ് 6-2 എന്ന സ്കോറിന് ആദ്യ സെറ്റും 6-4 എന്ന സ്കോറിന് രണ്ടാം സെറ്റും സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 3 ഏസുകൾ ഉതിർത്ത ഹാലപ്പ് ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും നാലു തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. സെമിയിൽ 17 സീഡ് റഷ്യയിൽ ജനിച്ചു 2018 ൽ കസാഖിസ്ഥാൻ താരമായ എലേന റിബാക്കിനയാണ് സിമോണയുടെ എതിരാളി. ഈ വിംബിൾഡണിൽ ഇത് വരെ ഒരു സെറ്റ് പോലും സിമോണ വഴങ്ങിയിട്ടില്ല. നിലവിൽ വിംബിൾഡണിൽ അവശേഷിക്കുന്ന ഏക ഗ്രാന്റ് സ്‌ലാം ജേതാവും സിമോണ മാത്രമാണ്.