ലവ് ആൾ @ വിംബിൾഡൺ

135 വർഷം പഴക്കമുള്ള ടൂർണമെന്റ്, ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ടെന്നീസ് ടൂർണമെന്റ്, ഗ്രാൻഡ്സ്ലാം ടൂര്ണമെന്റുകളിൽ ഒന്നാമത്, ആൾ ഇംഗ്ലണ്ട് ലോണ് ടെന്നീസ് ടൂർണമെന്റ് അഥവാ വിംബിൾഡൺ ഇന്ന് തുടങ്ങുന്നു. കോർട്ടുകളുടെ ഉപരിതലത്തിന്റെ വ്യത്യാസത്തിന് അനുസരിച്ച് പറയുമ്പോൾ ഒരു പുൽ കോർട്ട് ടൂർണമെന്റ് എന്നു വിളിക്കുമെങ്കിലും ഉപരിതല ഭേദമന്യേ, ടെന്നീസ് ടൂര്ണമെന്റുകളിൽ സ്റ്റാറ്റസ് കൊണ്ട് ഒരു പടി മുന്നിലാണ് വിംബിൾഡൺ ടൂർണമെന്റ്.

ഇന്ന് മുതലാണ് ഔദ്യോഗികമായി തുടങ്ങുക എങ്കിലും, ക്വാളിഫൈയിങ് മാച്ചുകൾ തുടങ്ങിയിട്ട് ഒരാഴ്ചയായി. സീഡ് ചെയ്യപ്പെടാത്തവർക്ക് ഈ വഴി മാത്രമേ ടൂർണമെന്റിൽ കടക്കാൻ സാധിക്കൂ. കളിക്കാർ എല്ലാവരും തന്നെ നേരത്തെ എത്തിക്കഴിഞ്ഞു. ഇക്കൊല്ലത്തെ ടൂർണമെന്റിന് വേണ്ടി ഒരുക്കിയ പുതിയ പുൽത്തകിടി പരീക്ഷിച്ചു, കളിക്കാർ ഹാപ്പിയാണ് എന്ന് റിപ്പോർട്ടുകൾ. കോവിഡ് കാലത്ത് കളികൾക്ക് ഉണ്ടായിരുന്ന പെരുമാറ്റ ചട്ടങ്ങൾ എല്ലാം ഒഴിവാക്കി വീണ്ടും കളി കാണാൻ സാധിക്കും എന്നതിൽ കാണികളും സന്തോഷത്തിലാണ്. പ്രധാന വേദിയിലെ ടിക്കറ്റുകൾ ചൂട് കുബൂസ് പോലെയാണ് വിറ്റഴിയുന്നതെന്നു വാർത്ത വന്നിരുന്നു.
20220626 235425
വിമൻസ് സിംഗിൾസിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ തിരികെ വന്ന സെറീനയാണ് ഇപ്പോൾ താരം. ബ്രിട്ടീഷുകാർക്ക് സ്വന്തം എമ്മ റാഡുകാനു ഇഷ്ട താരമാകുമ്പോൾ, ടൂർണമെന്റ് ഫേവറിറ്റ് ആദ്യ സീഡുകളായ ഇഗയും, അനെറ്റും, ഒൻസ് ജബേറും തന്നെ. പഴയ പടക്കുതിരകളായ ഓസ്റ്റപെങ്കോ, ഹാലെപ്, കെർബർ എന്നിവരെ എഴുതി തള്ളാനും പറ്റില്ല. ഇത്തവണ വിംബിൾഡണിൽ വീനസ് റോസ് വാട്ടർ ഡിഷ് ആര് ഉയർത്തും എന്ന കാര്യത്തിൽ ഒരു വാത് വെപ്പിന് ആരും തയ്യാറാകുമെന്ന് തോന്നുന്നില്ല.

1998 മുതൽ സ്ഥിരമായി ഇവിടെ വന്നു കളിച്ചിരുന്ന, ഏറ്റവും കൂടുതൽ തവണ കപ്പുയർത്തിയ ഫെഡററുടെ അഭാവം എല്ലാവരും പറയാതെ പറയുന്നുണ്ട്. എന്നാൽ ഈയ്യടുത്ത കാലത്തായി നദാൽ, ജോക്കോവിച് , ആൻഡി മറെ എന്നിവർ ഒന്നിച്ചു പങ്കെടുക്കുന്ന മത്സരമാണ് ഇത് എന്നതിൻ്റെ സന്തോഷത്തിലാണ് സംഘാടകർ. ഹിപ് സർജറി കഴിഞ്ഞു കളിച്ചു തുടങ്ങിയെങ്കിലും ബ്രിട്ടീഷ് ആരാധകരുടെ കണ്ണിലുണ്ണിയായ മറെ ഇത് വരെ പഴയ ഫോമിൽ എത്തിയിട്ടില്ല. വാക്സിൻ എടുക്കാത്തത് കൊണ്ട് ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാൻ സാധിക്കാതിരുന്ന ജോക്കോവിച്, ഫ്രഞ്ച് ഓപ്പണിൽ ക്വാർട്ടറിൽ തന്നെ തോൽപ്പിച്ച നദാലിനോട് പകരം ചോദിക്കാൻ തയ്യാറായാണ് എത്തിയിരിക്കുന്നത്. സീഡിംഗ് പ്രത്യേകതകൾ കൊണ്ട് അവർ തമ്മിൽ ഇവിടെ കണ്ടു മുട്ടുകയാണെങ്കിൽ അത് ഇക്കൊല്ലം നൂറാം വാർഷികം ആഘോഷിക്കുന്ന സെന്റർ കോർട്ടിലാകും, അതും ഫൈനലിൽ!

യുക്രൈനിൽ റഷ്യ നടത്തിയ കടന്നു കയറ്റത്തിലും യുദ്ധത്തിലും പ്രതിഷേധിച്ചു വിംബിൾഡൺ പ്രഖ്യാപിച്ച വിലക്ക് കാരണം ലോക ഒന്നാം നമ്പർ താരം മെദ്വദേവ് ഇക്കുറി ഉണ്ടാകില്ല. ഫ്രഞ്ച് ഓപ്പണിൽ നദാലിനെതിരെ കളിച്ച കളിയിൽ ഏറ്റ പരിക്കിൽ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല എന്നത് കൊണ്ട് സ്വെരെവിനെ വിലക്ക് ബാധിക്കില്ല. കഴിഞ്ഞ ഒരു കൊല്ലമായി ടെന്നീസ് കോർട്ടുകളിൽ ഉയർന്നു കേൾക്കുന്ന അൽകറാസ്, കാസ്പെർ, ഹുർക്കസ്, ഫെലിക്സ് എന്നിവരും, കുറെയേറെ നാളുകളായി മുൻനിരയിൽ സ്ഥിരമായി കളിക്കുന്ന സിസിപാസ്, ചിലിച്, ബെററ്റിനി എന്നിവരും ഇത്തവണ ത്രസിപ്പിക്കുന്ന കളി പുറത്തെടുക്കും എന്ന് തന്നെ കരുതാം.

1877 തുടങ്ങി 2022ൽ എത്തി നിൽക്കുമ്പോൾ അന്നത്തെ മെൻസ് സിംഗിൾസ് വിജയിക്ക് ലഭിച്ച 12 ഗിനീസും ഇന്നത്തെ വിജയിക്ക് ലഭിക്കുന്ന 2 മില്യൺ പൗണ്ടും തമ്മിൽ യാതൊരു താരതമ്യവുമില്ല. 1884ൽ തുടങ്ങിയ വിമൻസ് ടൂർണമെന്റ് വിജയിക്കും ഇപ്പോൾ 2 മില്യൺ സമ്മാന തുകയുണ്ട്. പക്ഷെ ഈ തുകയൊന്നും വിജയിക്ക് വിംബിൾഡൺ നൽകുന്ന കപ്പിന് തുല്യമാകില്ല എന്ന് ഇതിനു മുൻപ് കപ്പുയർത്തിയ കളിക്കാർ പറയാറുണ്ട്. ഇത്തവണയും യഥാർത്ഥ ചാമ്പ്യൻ ഈ കപ്പുയർത്തട്ടെ എന്ന് നമുക്ക് ആശംസിക്കാം, അടുത്ത രണ്ടാഴ്ചത്തേക്ക് അവരുടെ കളി ആസ്വദിക്കാം!