വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച്. ചിലിയൻ താരവും 17 സീഡും ആയ ക്രിസ്റ്റിയൻ ഗാരിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ജ്യോക്കോവിച്ച് അവസാന എട്ടിൽ എത്തിയത്. കരിയറിലെ അമ്പതാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനലിന് ഒപ്പം വിംബിൾഡണിലെ പന്ത്രണ്ടാം ക്വാർട്ടർ ഫൈനലിലേക്ക് ആണ് ജ്യോക്കോവിച്ച് മുന്നേറിയത്. വെറും 23 മിനിറ്റിനുള്ളിൽ ആദ്യ സെറ്റ് 6-2 നു നേടിയ ജ്യോക്കോവിച്ച് എതിരാളിക്ക് ഒരവസരവും നൽകിയില്ല. രണ്ടാം സെറ്റ് 6-4 നും മൂന്നാം സെറ്റ് 6-2 നും നേടിയ താരം അനായാസം വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ 9 ഏസുകൾ ഉതിർത്ത ജ്യോക്കോവിച്ച് 12 ബ്രൈക്ക് പോയിന്റുകൾ ആണ് സൃഷ്ടിച്ചത് ഇതിൽ 5 എണ്ണവും ജ്യോക്കോവിച്ച് പോയിന്റുകൾ ആക്കി മത്സരം സ്വന്തം പേരിൽ കുറിച്ചു. ഈ പ്രകടനത്തിലൂടെ എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് ആണ് 20 ഗ്രാന്റ് സ്ലാം കിരീടം ലക്ഷ്യം വക്കുന്ന സെർബിയൻ താരം നൽകിയത്.
അതേസമയം കരിയറിൽ ആദ്യമായി വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി കനേഡിയൻ താരവും പത്താം സീഡും ആയ ഡെന്നിസ് ഷപോവലോവ്. കരിയറിലെ രണ്ടാമത്തെ ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനലിൽ എത്തിയ ഷപോവലോവ് എട്ടാം സീഡ് സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗ്യുറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം നേടിയ ഇടൻ കയ്യൻ കനേഡിയൻ താരം 6-1 നു ആദ്യ സെറ്റും 6-3 നു രണ്ടാം സെറ്റും നേടി. മൂന്നാം സെറ്റിൽ പോരാട്ടം നേരിട്ടു എങ്കിലും ഇതും 7-5 നു ജയിച്ചു ഷപോവലോവ് വിംബിൾഡൺ അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചു. മത്സരത്തിൽ 16 ഏസുകൾ ഉതിർത്ത ഷപോവലോവ് 8 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് വരുത്തിയത്. 2 തവണ ബ്രൈക്ക് വഴങ്ങേണ്ടി വന്നെങ്കിലും 7 തവണയാണ് അഗ്യുറ്റിന്റെ സർവീസ് ഷപോവലോവ് മത്സരത്തിൽ ബ്രൈക്ക് ചെയ്തത്.