അവസാന എട്ടിലേക്ക് ടൂർണമെന്റ് ചരുങ്ങി കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. നെതർലൻഡ്‌സിന്റെ വാൻ റിജ്തോവൻ എന്ന അത്ഭുത കളിക്കാരനെ നേരിട്ട് ജോക്കോവിച് ക്വാർട്ടറിൽ കടന്നു, നാല് സെറ്റ് വേണ്ടി വന്നെങ്കിലും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.
സ്പാനിഷ് നക്ഷത്രം അൽക്കറോസിന് വീണ്ടും അടിതെറ്റി. ഇത്തവണ ഇറ്റലിക്കാരൻ സിന്നരാണ് വട്ടം നിന്നത്. അൽക്കറാസിന്റെ തുടക്കമാണ് മിക്ക തോൽവിയുടെയും കാരണം, ഫോമിലെത്താൻ സമായമെടുക്കുന്നു. അപ്പോഴത്തേക്കും എതിരാളി മുന്നേറി കഴിഞ്ഞിട്ടുണ്ടാകും. ഈ കളിയും നാല് സെറ്റിലേക്ക് നീണ്ടു.
ഇന്നലെ നടന്ന ടിഫയോ vs ഗോഫിൻ കളിയാണ് ഇത്തവണ ഇത് വരെ നടന്ന വിംബിൾഡൺ കളികളിൽ ഏറ്റവും ദൈർഘ്യമേറിയത്. നാലര മണിക്കൂറിൽ ഏറെയെടുത്ത ഈ കളി തന്നെയാണ് ഇന്നലത്തെ ഏറ്റവും വാശിയേറിയതും. 5 സെറ്റിലേക്ക് നീണ്ട കളി നിർഭാഗ്യം കൊണ്ട് മാത്രമാണ് ടിഫയോക്ക് നഷ്ടമായത്.
വനിതകളുടെ സിംഗിൾസിൽ ട്യുണീഷ്യൻ താരം ഓൻസ് ജാബർ എട്ടിലേക്ക് കടന്നു. അറബ് ആഫ്രിക്കൻ യുവതക്ക് ആവേശം നൽകുന്ന കളിക്കാരിയാണ് ഓൻസ്. അവരുടെ ഓരോ ജയവും ദേശഭേദമന്യേ അവിടങ്ങളിൽ ജനങ്ങൾ ആഘോഷിക്കുന്നു. തെറ്റുകൾ കൊണ്ട് മാത്രം കളി തോറ്റ ഓസ്റ്റപെങ്കോ ടൂർണമെന്റിൽ നിന്ന് പുറത്തായ കാഴ്ചയും ഇന്നലെ കണ്ടു.