മലയാളവർഷത്തിലെ മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു.സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. വിംബിൾഡണിൽ പത്താം ദിനമായിരുന്നു ഇന്നലെയായിരുന്നു പത്താമുദയം. സ്പാനിഷ് നക്ഷത്രം റഫയേൽ നദാൽ ഏറ്റവും ബലവാനായി ഉദിച്ച ദിവസം.
അമേരിക്കക്കാരൻ ഫ്രിട്സിന് തന്റെ ആദ്യ ഗ്രാൻഡ്സ്ലാം സെമിയിലേക്കുള്ള വാതിലയിരുന്നു ഇന്നലെ നദാൽ അടച്ചത്. ഫ്രിട്സ് ജയിക്കും എന്ന തോന്നൽ ഉണ്ടായപ്പോൾ എല്ലാം നദാൽ ശക്തനായി തിരിച്ചു വന്നു. ഒരു ഘട്ടത്തിൽ നദാൽ പരിക്ക് മൂലം കളി ഉപേക്ഷിച്ചേക്കും എന്നു വരെ എല്ലാവരും കരുതി. ഒന്നാം സെറ്റ് ഫ്രിട്സ് നേടിയപ്പോൾ നദാലിന്റെ പതനം പ്രതീക്ഷിച്ച കാണികളെ അമ്പരപ്പിച്ചു കൊണ്ട് രണ്ടാം സെറ്റ് നദാൽ നേടി. മൂന്നാം സെറ്റ് ഫ്രിട്സ് വീണ്ടും കയ്യടക്കിയപ്പോൾ കളി അടുത്ത സെറ്റോടെ കഴിയും എന്ന് കരുതി. എന്നാൽ നാലാം സെറ്റ് നദാൽ നേടി. നദാൽ നേടിയ സെറ്റുകൾ എങ്ങനെ നേടി എന്നു വുക്തമായി എഴുതി ഫലിപ്പിക്കാൻ ഒരു ലേഖകനും സാധിക്കും എന്ന് കരുതുന്നില്ല, ചുരുക്കി പറയണമെങ്കിൽ, നദാൽ മാജിക്കിലൂടെ ജയിച്ചു എന്നു പറയാമെന്ന് മാത്രം! കളി അഞ്ചു സെറ്റിലേക്ക് കടന്നപ്പോൾ കാണികൾ നദാലിന്റെ വിജയം ഉറപ്പിച്ചു. പക്ഷെ ഒരു ഗ്രാൻഡ്സ്ലാം ടെന്നീസ് മാച്ചിന്റെ സകല ഭാവവും ആവാഹിച്ചു കളി ടൈബ്രേക്കറിലേക്ക് നീങ്ങി. ഇവിടെ നദാലിന്റെ പരിചയക്കൂടുതലിന്റെ മുന്നിൽ ഫ്രിട്സിന് പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ഫ്രിട്സ് അതിമനോഹരമായാണ് കളിച്ചത്, വരും കാലങ്ങളിൽ ഗ്രാൻഡ്സ്ലാം വേദികളിൽ ഈ പേര് ഇനിയും ഉയർന്ന് കേൾക്കും എന്ന് ഉറപ്പാണ്. നദാൽ ജയിച്ച സെറ്റുകളിൽ ഇരുപതിലേറെ വർഷങ്ങളായി കളിക്കുന്ന ചാമ്പ്യന്റെ കൈയ്യൊപ്പ് വ്യക്തമായി കാണാമായിരുന്നു. പക്ഷെ സെമിയിൽ കളിക്കാൻ സാധിക്കുമോ എന്നു സംശയം പ്രകടിപ്പിച്ചാണ് നദാൽ കോർട്ട് വിട്ടത്.
കോർട്ട് ഒന്നിൽ നടന്ന മറ്റൊരു ക്വാർട്ടറിൽ ഈ കൊല്ലത്തെ വിംബിൾഡണിൽ വിനോദത്തിന്റെ പര്യായമായ നിക്ക് കിരിയോസ് അനായാസേന സെമിയിൽ കടന്നു. ക്രിസ്ത്യൻ ഗാരിനെ നേരിട്ടുള്ള 3 സെറ്റുകൾക്ക് തോൽപ്പിച്ചാണ് നിക്ക് നദാലുമായുള്ള സെമിക്ക് ടിക്കറ്റ് എടുത്തത്. നദാലിന്റെ പരിക്ക് സാരമല്ലെങ്കിൽ, ഒരു ഐതിഹാസിക കളിയാകും സെമിയിൽ കാണാൻ സാധിക്കുക.
മിക്സ്ഡ് ഡബിൾസ് സെമിയിൽ സാനിയ പുറത്തായി. ഇന്ത്യയുടെ പേര് ഗ്രാൻഡ്സ്ലാമുകളിൽ ഉയർത്തിയിരുന്ന ഈ അതുല്യ കളിക്കാരിയെ നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ യാത്രയയച്ചത്. ഇന്ത്യൻ അമേരിക്കൻ രാജീവ് റാം മെൻസ് ഡബിൾസിൽ സെമിയിൽ കടന്നിട്ടുണ്ട്.
വനിത സിംഗിൾസിൽ ഹാലപ് കുതിപ്പ് തുടർന്നു, സെമിയിൽ കടന്നു. ഇന്ന് ഓൻസ് ജാബർ തന്റെ സുഹൃത്തായ മരിയയെ സെമിയിൽ നേരിടുന്നു. വനിതകളുടെ ഫൈനൽ ലൈനപ്പ് ഇന്ന് അറിയാം. എന്നാൽ ടെന്നീസ് ലോകം കാത്തിരിക്കുന്നത് നദാൽ ക്യാമ്പിൽ നിന്നുള്ള ശുഭ വാർത്തയാണ്.