പ്രതീക്ഷിച്ച പോലെ സംഭവിച്ചു. ക്വാട്ടറിൽ എത്തിയ താരങ്ങളിൽ ഏറ്റവും കുറവ് സമയം കളത്തിൽ ചെലവഴിച്ച ഫെഡറർക്ക് പക്ഷെ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ആദ്യമേ തന്നെ ഡബിൾ ഫാൾട്ട് അടക്കം സർവീസ് പിഴവുകൾ വരുത്തിയ ഫെഡററിന്റെ സർവീസ് 8 സീഡ് നിഷികോരി ഭേദിച്ചപ്പോൾ മത്സരം കടുക്കും എന്നുറപ്പായിരുന്നു. താളം കണ്ടത്താൻ വിഷമിച്ച ഫെഡററിന് എതിരെ 6-4 നു ആദ്യ സെറ്റ് നേടിയ നിഷികോരി തന്റെ പ്രതീക്ഷകൾ സജീവമാക്കി. എന്നാൽ രണ്ടാം സെറ്റിൽ തന്റെ മികവിലേക്ക് തിരിച്ചെത്തിയ ഫെഡറർ നിഷികോരിയെ തീർത്തും അപ്രസക്തമാക്കി. 2 പ്രാവശ്യം നിഷികോരിയുടെ സർവീസ് ബ്രൈക്ക് ചെയ്ത ഫെഡറർ ഈ പ്രാവശ്യം 6-1 നു സെറ്റ് നേടി മത്സരത്തിൽ ഒപ്പമെത്തി.
മൂന്നാം സെറ്റിലും നന്നായി കളിച്ച ഫെഡറർ മികച്ച ടെന്നീസ് തന്നെയാണ് പുറത്തെടുത്തത്. വിംബിൾഡനിൽ 100 മത്സരങ്ങൾ ജയിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇറങ്ങിയ ഫെഡറർ മൂന്നാം സെറ്റിലും നിഷികോരിയുടെ സർവീസ് ഭേദിച്ചു. ഫെഡററിന്റെ സർവീസുകൾക്ക് ഭീഷണി ഉയർത്തതാനും നിഷികോരിക്ക് സാധിക്കാതെ വന്നപ്പോൾ മത്സരം നിഷികോരിയിൽ നിന്നകന്നു. മൂന്നാം സെറ്റ് 6-4 നു ഫെഡററിനു സ്വന്തം. നാലാം സെറ്റിൽ ആദ്യ സർവീസുകൾ ഇരുതാരങ്ങളും നിലനിർത്തിയപ്പോൾ മത്സരം രണ്ടര മണിക്കൂറിലധികം നീണ്ടു. എന്നാൽ നിഷികോരിയുടെ മത്സരത്തിലെ അവസാന സർവീസ് ബ്രൈക്ക് ചെയ്ത ഫെഡറർ ജയത്തിനു തൊട്ടരികിൽ എത്തി. രണ്ടാം സർവ്വിലെ എസിലൂടെ 6-4 നു നാലാം സെറ്റും മത്സരവും സ്വന്തമാക്കിയ ഫെഡറർ ചരിത്രജയവും മറ്റൊരു വിംബിൾഡൺ സെമി പ്രവേശനവും ആഘോഷിച്ചു. മിക്കവാറും മറ്റൊരു ഫെഡറർ – നദാൽ ക്ലാസിക്ക് പോരാട്ടത്തിനാവും വിംബിൾഡൺ സെമിഫൈനൽ സാക്ഷിയാവുക.