യൂറോ കപ്പിൽ രണ്ടു രാജ്യങ്ങളും ആയി പരാജയം അറിയാതെ കിരീടം ഉയർത്തിയ സറീന വിങ്മാൻ മാജിക്!

20220801 034257

യൂറോ കപ്പിൽ രണ്ടു രാജ്യങ്ങളുടെ പരിശീലകയായി കിരീടം ഉയർത്തുന്ന ആദ്യ പരിശീലകയായി സറീന വിങ്മാൻ. 5 വർഷങ്ങൾക്ക് മുമ്പ് തന്റെ രാജ്യമായ ഹോളണ്ടിനെ യൂറോപ്യൻ ജേതാക്കൾ ആക്കിയ സറീന ഇത്തവണ ഇംഗ്ലണ്ടിന്റെ പതിറ്റാണ്ട് കാലം നീണ്ട കാത്തിരിപ്പിന് ആണ് അന്ത്യം കുറിച്ചത്. ചരിത്രത്തിൽ കളിച്ച 8 യൂറോ കപ്പ് ഫൈനലുകളും ജയിച്ച ജർമ്മനിയെ ആദ്യമായി ഫൈനലിൽ തോൽപ്പിച്ചു ആണ് സറീനയുടെ ടീം ചരിത്രം കുറിച്ചത്. യൂറോ കപ്പിൽ പരിശീലിപ്പിച്ച 12 മത്സരങ്ങളിലും ജയം കണ്ട ചരിത്രവും ഡച്ച് പരിശീലകക്ക് ഉണ്ട്. തന്റെ കടുത്ത രീതികൾ കൊണ്ടും ചിട്ടയായ പരിശീലന മുറ കൊണ്ടും ശ്രദ്ധേയയായ സറീന മധ്യനിര താരമായി തുടങ്ങി പിന്നീട് പ്രതിരോധതാരമായ താരമാണ്. 99 തവണ ഹോളണ്ടിനു ആയി കളിച്ച താരം കരിയർ അവസാനിപ്പിച്ച ശേഷം പരിശീലക വേഷത്തിൽ എത്തുക ആയിരുന്നു.

സഹ പരിശീലക ആയും താൽക്കാലിക പരിശീലക ആയും ജോലി ചെയ്ത ശേഷം 2017 യൂറോ കപ്പിന് 6 മാസം മുമ്പാണ് ഹോളണ്ട് പരിശീലകയായി സറീന എത്തുന്നത്. 5 ൽ 4 സൗഹൃദ മത്സരവും തോറ്റ് നിന്ന ആത്മവിശ്വാസം ഒട്ടും ഇല്ലാത്ത ഡച്ച് ടീമിനെക്കൊണ്ടു ചരിത്രം എഴുതിക്കുന്ന സറീനയെ ആണ് പിന്നീട് കാണാൻ ആയത്. 2017 ൽ എല്ലാ മത്സരവും ജയിച്ച സെറീനയുടെ ഡച്ച് ടീം ഡെന്മാർക്കിനെ ഫൈനലിൽ 4-2 നു തോൽപ്പിച്ചു കിരീടവും ഉയർത്തി. ഹോളണ്ട് വനിത ഫുട്‌ബോളിൽ നേടുന്ന ആദ്യ വലിയ കിരീട നേട്ടവും യൂറോപ്യൻ കിരീടവും ആയിരുന്നു അത്. 1988 ൽ പുരുഷ ടീം യൂറോ കപ്പ് ജയിച്ച ശേഷം ഹോളണ്ട് ഫുട്‌ബോൾ നേടുന്ന വലിയ നേട്ടവും അത് തന്നെയായിരുന്നു. ആ വർഷം ഫിഫ യുടെ ലോകത്തിലെ ഏറ്റവും മികച്ച വനിത പരിശീലകക്ക് ഉള്ള പുരസ്കാരവും മറ്റാർക്കും ആയിരുന്നില്ല. 2019 ലോകകപ്പിൽ ഹോളണ്ടിനെ ഫൈനലിൽ എത്തിക്കാൻ ആയെങ്കിലും സറീനയുടെ ഡച്ച് ടീം അമേരിക്കൻ കരുത്തിനു മുമ്പിൽ വീണു പോയി. ഡച്ച് ഫുട്‌ബോളിന് നൽകിയ സംഭാവനകൾക്ക് സറീനക്ക് നിരവധി പുരസ്കാരങ്ങൾ ആണ് ഡച്ച് ഫുട്‌ബോൾ അസോസിയേഷനും രാജ്യവും നൽകിയത്.

20220801 034009

2020 അഗസ്റ്റിന് ആണ് സറീന 2021 സെപ്റ്റംബർ മുതൽ ഇംഗ്ലണ്ട് വനിത ടീം പരിശീലക ആവും എന്നു ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ അറിയിക്കുന്നത്. ഫിൽ നെവിലിൽ നിന്നു സ്ഥാനം ഏറ്റെടുത്ത സറീന ഇംഗ്ലീഷ് ടീം പരിശീലക/പരിശീലകൻ ആവുന്ന ഇംഗ്ലീഷുകാരിയല്ലാത്ത ആദ്യ വ്യക്തി കൂടിയായിരുന്നു. ലോകകപ്പ് യോഗ്യതയിൽ സറീനക്ക് കീഴിൽ ആദ്യ മത്സരത്തിൽ വടക്കൻ മസഡോണിയയെ 8-0 നു തകർത്തു ആണ് ഇംഗ്ലണ്ട് തുടങ്ങിയത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ലാത്വിവക്ക് എതിരെ 20-0 ന്റെ വമ്പൻ ജയം നേടിയ സറീനയുടെ ടീം പുതിയ ദേശീയ റെക്കോർഡും കുറിച്ചിരുന്നു. സൗഹൃദ മത്സരത്തിൽ ജർമ്മനിയെയും വീഴ്ത്തിയ സറീനയുടെ ഇംഗ്ലണ്ട് അവിശ്വസനീയ കുതിപ്പ് ആണ് നടത്തിയത്. അതിന്റെ ആവർത്തനം ആണ് യൂറോ കപ്പിലും കാണാൻ ആയത്. ഇടക്ക് യൂറോ കപ്പിന് ഇടയിൽ തന്നെ ബാധിച്ച കോവിഡും സറീനയെ തളർത്തിയില്ല. യൂറോ കപ്പിൽ 6 മത്സരങ്ങളിൽ നിന്നു 22 ഗോളുകൾ ആണ് ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് വഴങ്ങിയത് ആവട്ടെ വെറും 2 ഗോളുകളും. ഫൈനലിൽ ജർമ്മനിക്ക് മേൽ ജയം നേടി 1966 ലെ പുരുഷ ലോകകപ്പ് നേട്ടത്തിന് ശേഷം ഇംഗ്ലണ്ടിന് ഒരു പ്രധാന കിരീടവും സറീന സമ്മാനിച്ചു.

ഇംഗ്ലണ്ടിനെ 20 മത്സരങ്ങളിൽ പരിശീലിപ്പിച്ച സറീന ഇത് വരെ പരാജയം അറിഞ്ഞിട്ടില്ല. 18 കളികളിൽ ജയം കണ്ടപ്പോൾ 2 എണ്ണം സമനിലയിൽ അവസാനിച്ചു. 20 മത്സരങ്ങളിൽ നിന്നു 106 ഗോളുകൾ ആണ് സറീനയുടെ ഇംഗ്ലണ്ട് പുലികൾ അടിച്ചത്, വഴങ്ങിയത് ആവട്ടെ വെറും 5 ഗോളുകളും. പലപ്പോഴും സ്ഥിരത കണ്ടത്താൻ വിഷമിക്കുന്ന ഇംഗ്ലണ്ട് ടീമിനെ വിജയികളുടെ സംഘം ആയി സറീന മാറ്റി. ഒരു യൂറോ ടൂർണമെന്റിൽ ഒരു ടീം നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് ഇത്തവണ 22 ഗോളുകൾ നേടിയ ഇംഗ്ലണ്ട് അതിനിടെയിൽ തകർക്കുകയും ചെയ്തിരുന്നു. യൂറോ കപ്പ് നിലനിർത്തുന്ന നാലാമത്തെ പരിശീലകയായി മാറിയ സറീന പക്ഷെ 2 രാജ്യങ്ങൾക്ക് ഒപ്പം കിരീടം നിലനിർത്തുന്ന ആദ്യ പരിശീലക ആയും മാറി. ഇത്‌ വരെ വനിത, പുരുഷ യൂറോ കപ്പിൽ ഒരു പരിശീലകനോ പരിശീലകയോ രണ്ടു ടീമിന് ഒപ്പം കിരീടം നിലനിർത്തിയിട്ടില്ല. 2019 ൽ ഡച്ച് ടീമിന് ഒപ്പം സാധിക്കാതെ പോയ ലോകകപ്പ് കിരീടം എന്ന സ്വപ്നം അമേരിക്കൻ ആധിപത്യം അവസാനിപ്പിച്ചു ഇംഗ്ലണ്ടിന് ഒപ്പം നേടാൻ ആവും എന്നും വലിയ വിനയം സൂക്ഷിക്കുന്ന 52 കാരിയായ സറീനയുടെ അടുത്ത ശ്രമം.