വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ കൂറ്റൻ ജയം ലക്ഷ്യം വെച്ച് ഇന്ത്യ. ഹനുമ വിഹാരിയുടെ സെഞ്ചുറി കണ്ട രണ്ടാം ദിനത്തിൽ അവസാന സെഷനിൽ ബുംറ ഉഗ്ര രൂപം പൂണ്ടപ്പോൾ വെസ്റ്റിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിടുകയാണ്. മത്സരം മൂന്ന് ദിവസം ബാക്കി നിൽക്കെ വെസ്റ്റിൻഡീസ് ഇന്ത്യയേക്കാൾ 329 റൺസിന് പിറകിലാണ്.
ഹാട്രിക് അടക്കം 6 വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പ്രകടനമാണ് വെസ്റ്റിൻഡീസിനെ കഥ കഴിച്ചത്. ആറാം വിക്കറ്റിൽ ഹോൾഡറും ഹേറ്റ്മേയറും ചേർന്ന് നേടിയ 45 റൺസിന്റെ കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കിൽ വെസ്റ്റിൻഡീസിനെ നില ഇതിലും പരിതാപകരമാവുമായിരുന്നു.
നേരത്തെ ഹനുമ വിഹാരിയുടെ സെഞ്ചുറിയുടെയും ഇഷാന്ത് ശർമയുടെ അർദ്ധ സെഞ്ചുറിയുടെയും പിൻബലത്തിൽ ഇന്ത്യൻ ആദ്യ ഇന്നിങ്സിൽ 416 റൺസ് എടുത്തിരുന്നു. വിഹാരി 111 റൺസും ഇഷാന്ത് ശർമ്മ 57 റൺസുമെടുത്താണ് പുറത്തായത്. ആദ്യ ദിനം 76 റൺസ് എടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പ്രകടനവും 55 റൺസ് എടുത്ത അഗർവാളിന്റെ പ്രകടനവുമാണ് ഇന്ത്യക്ക് മികച്ച അടിത്തറ നൽകിയത്.