ഇന്ത്യയിൽ ഫുട്ബോൾ വളർത്തുന്നതിന്റെ ഭാഗമായി ആഴ്‌സൻ വെങ്ങർ ഇന്ത്യയിലേക്ക് എത്തും. എഐഎഫ്എഫ് പ്രസിഡന്റ് താനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി മുൻ ആഴ്‌സനൽ പരിശീലകൻ പറഞ്ഞു.
ഫിഫയുടെ “ടെക്നിക്കൽ സ്റ്റഡി ഗ്രൂപ്പ്” സെഷൻ ശേഷം നടന്ന ചോദ്യോത്തര വേളയിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ ചോദ്യത്തിന് മറുപടി ആയാണ് ആഴ്‌സൻ വെങ്ങർ ഈ കാര്യങ്ങൾ അറിയിച്ചത്. ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് വിഭാഗത്തിന്റെ മേധാവിയാണ് നിലവിൽ അദ്ദേഹം.
“എഐഎഫ്എഫ് പ്രസിഡന്റ് അടുത്തിടെ തന്നെ കണ്ടിരുന്നു. ഇന്ത്യയിൽ ഫുട്ബോളിന്റെ വികസനത്തിന് സഹായിക്കാൻ താൻ ഏറെ താത്പര്യപ്പെടുന്നതായി അദ്ദേഹത്തെ അറിയിച്ചു.” വെങ്ങർ തുടർന്നു, “എന്നാൽ അത് ഈ വർഷം സാധ്യമായേക്കില്ല. ഡിസമ്പർ 18 വരെ തിരക്കാണ്. എന്നാൽ അടുത്ത വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ അത് സംഭവിച്ചേക്കും.”
പരിപാടിയിൽ നിന്ന് മടങ്ങവേ “നിങ്ങൾ കൂടുതലായി ക്രിക്കറ്റ് കളിക്കുന്നു” എന്നും തമാശ രൂപേണ അദ്ദേഹം സംസാരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപോർട്ടിൽ പറയുന്നു.