ഇനി അങ്കം വെംബ്ലിയിൽ, യൂറോ കപ്പ് സെമി ഫൈനൽ ലൈനപ്പായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ 2020ലെ ചാമ്പ്യന്മാരെ അറിയാൻ ഇനി മൂന്ന് മത്സരങ്ങളുടെ മാത്രം ദൂരം. ഇന്നത്തെ അവസാന ക്വാർട്ടർ ഫൈനലുകൾ കൂടെ അവസാനിച്ചതോടെ സെമി ഫൈനൽ ലൈനപ്പ് ആയി. ഇംഗ്ലണ്ടിലെ വെംബ്ലിയിൽ നടക്കുന്ന സെമി ഫൈനലുകളിൽ ഇറ്റലി സ്പെയിനെയും ഇംഗ്ലണ്ട് ഡെന്മാർക്കിനെയും നേരിടും. ജൂലൈ 6, 7 തീയതികളിലാണ് സെമി ഫൈനലുകൾ നടക്കുന്നത്. ഇന്ന് യുക്രൈനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ വൻ ശക്തികളായ ജർമ്മനിയെയും തോൽപ്പിച്ചിരുന്നു. ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് സെമിയിൽ എത്തുന്നത്. സ്വന്തം നാട്ടിലാണ് സെമിയും ഫൈനലും നടക്കുന്നത് എന്നത് ഇംഗ്ലണ്ടിന് വലിയ മുൻതൂക്കം നൽകും.

ഇംഗ്ലണ്ടിന്റെ എതിരാളികളായ ഡെന്മാർക്ക് നാടകീയമായ യാത്രയോടെയാണ് സെമിയിൽ എത്തിയത്. ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഡെന്മാർക്ക് പിന്നീട് വൻ വിജയങ്ങളുമായി സെമി വരെ എത്തി. 1992നു ശേഷം ആദ്യമായാണ് ഡെന്മാർക്ക് യൂറോ സെമിയിൽ എത്തുന്നത്. 1992ൽ ഡെന്മാർക്ക് എല്ലാവരെയും ഞെട്ടിച്ച് യൂറോ കിരീടം തന്നെ നേടിയിരുന്നു. വെയിൽസിനെയും ചെക്ക് റിപബ്ലിക്കിനെയും ആണ് ഡെന്മാർക്ക് നോക്കൗട്ട് റൗണ്ടുകളിൽ തോൽപ്പിച്ചത്.

ടൂർണമെന്റിൽ ഇപ്പോഴും കൂടുതൽ പേർ ഫേവറിറ്റുകളായി കാണുന്ന ടീമാണ് ഇറ്റലി. അത്ര മികച്ച് പ്രകടനമാണ് ഇറ്റലി ഇതുവരെ നടത്തിയത്. ഇന്നലെ ബെൽജിയത്തെ തോൽപ്പിച്ചാണ് ഇറ്റലി സെമിയിൽ എത്തിയത്. അവസാന 32 മത്സരങ്ങളിൽ പരാജയം അറിയാത്ത ടീമാണ് ഇറ്റലി. പ്രീക്വാർട്ടറിൽ അവർ ഓസ്ട്രിയയെ ആയിരുന്നു തോൽപ്പിച്ചത്.

സ്പെയിൻ ആർക്കും പ്രവചിക്കാൻ ആകാത്ത രീതിയിലാണ് ഇതുവരെ കളിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ തുടക്കത്തിൽ തപ്പിയ സ്പെയിൻ പിന്നീട് ഗോളുകൾ അടിച്ചു കൂട്ടി. പ്രീക്വാർട്ടറിൽ ക്രൊയേഷ്യയെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ വീഴ്ത്തിയ സ്പെയിന് ക്വാർട്ടറിൽ പെനാൽട്ടി ഷൂട്ടൗട്ട് വേണ്ടി വന്നു സ്വിറ്റ്സർലാന്റിനെ മറികടക്കാൻ.

തീർത്തും ആവേശകരമായ ഒരു ടൂർണമെന്റ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്നത് ഫുട്ബോൾ ആരാധകരെ വിഷമിപ്പിക്കും. എങ്കിലും ആവേശകരമായ അന്ത്യത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും.