64 വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ വെയിൽസ് ലോകകപ്പിന് യോഗ്യത നേടി. ലോകകപ്പ് പ്ലെ ഓഫ് ഫൈനലിൽ ഉക്രൈനിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ആണ് വെയിൽസ് സ്വപ്ന നേട്ടം കൈവരിച്ചത്. ഉക്രൈൻ യുദ്ധത്തിനെ തുടർന്ന് നീണ്ടു പോയ മത്സരത്തിൽ ഉക്രൈനു ആയിരുന്നു ആധിപത്യം. എന്നാൽ ആദ്യ പകുതിയിൽ 34 മത്തെ മിനിറ്റിൽ പിറന്ന സെൽഫ് ഗോൾ ഉക്രൈനു വില്ലൻ ആയി. വെയിൽസ് ക്യാപ്റ്റൻ ഗാരഥ് ബെയിലിന്റെ ശക്തമായ ഫ്രീകിക്കിൽ നിന്നു ഉക്രൈൻ ക്യാപ്റ്റൻ ആന്ദ്ര യർമെലങ്കോയുടെ ഹെഡർ സ്വന്തം വലയിലേക്ക് പതിക്കുക ആയിരുന്നു. തുടക്കത്തിൽ ഉക്രൈൻ മികച്ചു നിന്ന കളിയിൽ അപ്രതീക്ഷിതമായി ആണ് വെയിൽസ് ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ വെയിൽസിന് രണ്ടാം ഗോൾ നൽകാനുള്ള അവസരം ആരോൺ റംസി പാഴാക്കി. തുടർന്ന് സമനിലക്ക് ആയി ഉക്രൈൻ ഉണർന്നു കളിച്ചു. പലപ്പോഴും വെയിൽസ് ഗോൾ കീപ്പർ ഹെന്നസി അവിശ്വസനീയ രക്ഷപ്പെടുത്തലുകൾ ആണ് നടത്തിയത്. അവസാന നിമിഷങ്ങളിൽ യർമലങ്കോയുടെ ഷോട്ട് ബെൻ ഡേവിസ് ബ്ലോക്ക് ചെയ്തപ്പോൾ ഡോവ്ബിക്കിന്റെ ഹെഡർ അവിശ്വസനീയം ആയാണ് ഹെന്നസി 83 മത്തെ മിനിറ്റിൽ രക്ഷിച്ചത്. 1958 നു ശേഷം ആദ്യമായാണ് വെയിൽസ് ലോകകപ്പ് കളിക്കാൻ യോഗ്യത നേടുന്നത്. ഖത്തറിൽ ഇംഗ്ലണ്ട്, അമേരിക്ക, ഇറാൻ എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് ബിയിൽ ആണ് റോബർട്ട് പേജിന്റെ ടീം ഉൾപ്പെട്ടിരിക്കുന്നത്.