യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ഉക്രൈൻ ജനതക്ക് പ്രതീക്ഷയും സന്തോഷവും പകർന്നു അവരുടെ ഫുട്‌ബോൾ ടീം. ലോകകപ്പ് പ്ലെ ഓഫിൽ സ്‌കോട്ട്ലാന്റിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച ഉക്രൈൻ ലോകകപ്പ് യോഗ്യതക്കുള്ള അകലം വെറും ഒരു മത്സരം ആയി കുറച്ചു. ദേശീയ പതാകയും കയ്യിൽ പിടിച്ചാണ് ഉക്രൈൻ താരങ്ങൾ മത്സരത്തിന് എത്തിയത്. ഞായറാഴ്ച വെയിൽസിനെ തോൽപ്പിക്കാൻ ആയാൽ 2006 നു ശേഷം ലോകകപ്പ് യോഗ്യത എന്ന ലക്ഷ്യത്തിലേക്ക് അവർ എത്തും. 1986 നു ശേഷം ലോകകപ്പ് യോഗ്യത ലക്ഷ്യം വച്ച സ്‌കോട്ട്ലാന്റിനെ ആധിപത്യം ഉക്രൈനു ആയിരുന്നു. ആദ്യ പകുതിയിൽ 33 മത്തെ മിനിറ്റിൽ റൂസ്‌ലൻ മാലിനോവിസ്കിയുടെ ത്രൂ ബോളിൽ നിന്നു മികച്ച ചിപ്പിലൂടെ ഓഫ് സൈഡ് ട്രാപ്പ് പൊളിച്ച ആന്ദ്ര യാർമെലങ്കോ ഉക്രൈനു ഗോൾ സമ്മാനിച്ചു.
രണ്ടാം പകുതി തുടങ്ങി നാലാം മിനിറ്റിൽ തന്നെ ഉക്രൈൻ രണ്ടാം ഗോളും കണ്ടത്തി. ഒലകസാണ്ടർ കരാവെവിന്റെ ക്രോസിൽ നിന്നു റോമൻ യാരമുചുക് ഹെഡറിലൂടെ ആണ് ഉക്രൈനു രണ്ടാം ഗോൾ സമ്മാനിച്ചത്. 79 മത്തെ മിനിറ്റിൽ സ്‌കോട്ടിഷ് ടീമിന് പ്രതീക്ഷ നൽകി ഗോൾ പിറന്നു. കലം മക്ഗ്രഗർ ആണ് സ്‌കോട്ട്ലാന്റിന് പ്രതീക്ഷ നൽകിയത്. എന്നാൽ അവസാന മിനിറ്റിൽ ഉക്രൈൻ ജയം ഉറപ്പിച്ചു. ഒലകസാണ്ടർ സിൻചെങ്കോയുടെ മികച്ച പാസിൽ നിന്നു അർതം ഡോവ്ബിയ്ക് ആണ് ഉക്രൈൻ ജയം ഉറപ്പിച്ചത്. വെയിൽസിനെ വീഴ്ത്തിയാൽ ഉക്രൈൻ ജനതക്ക് വലിയ ആശ്വാസം ആയി അവർ ഖത്തർ ലോകകപ്പിലേക്ക് ടിക്കറ്റ് എടുക്കും.