ഓപ്പൺ യുഗത്തിൽ ഗ്രാന്റ് സ്‌ലാം സെമിയിൽ എത്തുന്ന ആദ്യ നോർവെ താരമായി കാസ്പർ റൂഡ്

ഓപ്പൺ യുഗത്തിൽ ഒരു ഗ്രാന്റ് സ്‌ലാം സെമിഫൈനലിൽ എത്തുന്ന ആദ്യ നോർവെ താരമായി മാറി കാസ്പർ റൂഡ്. ക്വാർട്ടർ ഫൈനലിൽ 23 കാരനും എട്ടാം സീഡും ആയ റൂഡ് 19 കാരനായ സിറ്റിപാസിനെ അട്ടിമറിച്ചു എത്തിയ ഹോൾഗർ റൂണിനെ ആണ് തോൽപ്പിച്ചത്. മത്സരത്തിൽ മോശം പെരുമാറ്റം ആണ് യുവതാരം ഹോൾഗറിൽ നിന്നു പലപ്പോഴും ഉണ്ടായത്. ആദ്യ സെറ്റിൽ തുടർച്ചയായി ബ്രൈക്ക് നേടിയ റൂഡ് സെറ്റ് അനായാസം 6-1 നു സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റ് 6-4 നു നേടിയ ഡാനിഷ് താരം മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വന്നു.

മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കണ്ടത്. തന്റെ മികവ് തിരിച്ചു പിടിച്ച റൂഡ് സെറ്റ് ടൈബ്രേക്കറിലൂടെ നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. 6-3 നു നാലാം സെറ്റിൽ ജയം കണ്ട റൂഡ് നോർവീജിയൻ ടെന്നീസിൽ പുതിയ ചരിത്രം കുറിച്ചു സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു. 13 ഏസുകൾ ഉതിർത്ത റൂഡ് 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. സെമിയിൽ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ക്രൊയേഷ്യൻ താരം മാരിൻ സിലിച്ച് ആണ് റൂഡിന്റെ എതിരാളി.