ക്രൊയേഷ്യൻ വസന്തം! മെദ്വദേവിനു പിറകെ റൂബ്ലേവിനെയും വീഴ്ത്തി മാരിൻ സിലിച് ആദ്യമായി ഫ്രഞ്ച് ഓപ്പൺ സെമിയിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

മുപ്പത്തിമൂന്നാം വയസ്സിൽ തനിക്ക് ഇനിയും ബാല്യം ഉണ്ടെന്നു തെളിയിച്ചു ക്രൊയേഷ്യൻ താരം മാരിൻ സിലിച് ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ. രണ്ടാം സീഡ് ആയ റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ നാലാം റൗണ്ടിൽ വീഴ്ത്തിയ ഇരുപതാം സീഡ് ആയ സിലിച് ഏഴാം സീഡ് ആയ മറ്റൊരു റഷ്യൻ താരം ആന്ദ്ര റൂബ്ലേവിനെ അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിന് ഒടുവിൽ ആണ് ക്വാർട്ടർ ഫൈനലിൽ മറികടന്നത്. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിൽ തന്റെ അനുഭവ സമ്പത്ത് പുറത്ത് എടുത്ത സിലിച് നാലു ഗ്രാന്റ് സ്‌ലാമുകളിലും സെമിയിൽ എത്തുന്ന ആദ്യ ക്രൊയേഷ്യൻ താരം ആയും മാറി. 2018 ഓസ്‌ട്രേലിയൻ ഓപ്പണിനു ശേഷം ഇത് ആദ്യമായാണ് സിലിച് ഒരു ഗ്രാന്റ് സ്‌ലാം സെമിയിൽ എത്തുന്നത്. നിലവിൽ കളിക്കുന്നവരിൽ ഫെഡറർ, നദാൽ, ജ്യോക്കോവിച്ച്, മറെ എന്നിവർക്ക് ശേഷം ആദ്യമായി നാലു ഗ്രാന്റ് സ്‌ലാമുകളിലും സെമിയിൽ എത്തുന്ന താരം കൂടിയായി സിലിച് മാറി.

20220602 020909

ആദ്യ സെറ്റ് നേടിയ റൂബ്ലേവിനു മികച്ച തുടക്കം ആണ് മത്സരത്തിൽ ലഭിച്ചത്. സെറ്റിൽ സിലിച്ചിന്റെ അവസാന സർവീസ് ബ്രൈക്ക് ചെയ്ത റൂബ്ലേവ് 7-5 നു സെറ്റ് സ്വന്തമാക്കി. എന്നാൽ രണ്ടും മൂന്നും സെറ്റുകളിൽ നിർണായക ബ്രൈക്കുകൾ കണ്ടത്തിയ സിലിച്ച് 6-3, 6-4 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി. നാലാം സെറ്റിൽ പക്ഷെ നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റ് 6-3 നു നേടിയ റൂബ്ലേവ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. ഇരു താരങ്ങളും സർവീസ് കൈവിടാതെ പൊരുതിയ അഞ്ചാം സെറ്റിൽ പലപ്പോഴും റൂബ്ലേവിന്റെ ക്ഷമ നശിക്കുന്നതും കാണാൻ ആയി. ഒടുവിൽ അവസാന സെറ്റിൽ സൂപ്പർ ടൈബ്രൈക്കറിലൂടെ സിലിച്ച് മത്സരം സ്വന്തമാക്കി പുതിയ ചരിത്രം കുറിക്കുക ആയിരുന്നു. മത്സരത്തിൽ 15 ഏസുകൾ റൂബ്ലേവ് ഉതിർത്തപ്പോൾ 33 ഏസുകൾ ആണ് സിലിച്ച് മത്സരത്തിൽ ഉതിർത്തത്. സെമിയിൽ കാസ്പർ റൂഡ്, ഹോൾഗർ റൂൺ മത്സരവിജയിയെ ആണ് സിലിച്ച് നേരിടുക.