യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്പെയിനിനെ 2-1 നു അട്ടിമറിച്ചു സ്വീഡൻ. മത്സരത്തിൽ 75 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും നിരവധി അവസരം തുറന്നിട്ടും സ്വീഡിഷ് പോരാട്ടത്തിന് മുന്നിൽ സ്പെയിൻ പരാജയം സമ്മതിക്കുക ആയിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഗോൾ കണ്ടത്തിയ സ്പെയിൻ മത്സരത്തിൽ മുന്നിലെത്തുക ആയിരുന്നു. ജോർദി ആൽബയുടെ ക്രോസിൽ നിന്നു ഓൽസനെ മറികടന്ന കാർലോസ് സോളർ ആണ് അവർക്ക് ഗോൾ സമ്മാനിച്ചത്. എന്നാൽ 2 മിനിറ്റിനുള്ളിൽ സ്വീഡൻ ഗോൾ മടക്കി.
സ്പാനിഷ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത സ്വീഡിഷ് യുവ സൂപ്പർ താരം അലക്‌സാണ്ടർ ഇസാക് സിമോനെ മറികടന്നു സ്വീഡന് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് ആദ്യ പകുതി 1-1 നു അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ 57 മിനിറ്റിൽ യുവന്റസ് താരം ദേജൻ കുലുസെസ്കി ഒരുക്കിയ അവസരം ഗോൾ ആക്കി മാറ്റിയ വിക്ടർ ക്ലാസൻ സ്വീഡന് വിജയഗോൾ സമ്മാനിച്ചു. സമനില ഗോൾ നേടാൻ തുടർന്ന് സ്പാനിഷ് ടീം നിരന്തരം പരിശ്രമിച്ചു എങ്കിലും സ്വീഡിഷ് പ്രതിരോധം വിട്ടു കൊടുത്തില്ല. അലക്‌സാണ്ടർ ഇസാക്, കുലുസെസ്കി എന്നിവരുടെ മിന്നും പ്രകടനങ്ങൾ യൂറോയിലും മികവ് തുടർന്ന സ്വീഡന് വലിയ പ്രതീക്ഷകൾ ആണ് നൽകുന്നത്.