ലോകകപ്പ് യോഗ്യത മത്സരത്തിൽ എസ്റ്റോണിയക്ക് എതിരെ വമ്പൻ ജയവുമായി ബെൽജിയം. രണ്ടിനെതിരെ 5 ഗോളുകൾക്ക് ആണ് ബെൽജിയം ജയം കണ്ടത്. റോമലു ലുക്കാക്കു ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ആയിരുന്നു ബെൽജിയം ജയം. രണ്ടാം മിനിറ്റിൽ തന്നെ മതിയാസ് കൈറ്റിലൂടെ എസ്റ്റോണിയ മുന്നിലെത്തിയപ്പോൾ ബെൽജിയം ഞെട്ടി. എന്നാൽ 22 മിനിറ്റിൽ ഏദൻ ഹസാർഡിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഹാൻസ് ബെൽജിയത്തിനു സമനില ഗോൾ നൽകി. 29 മിനിറ്റിൽ ഇടൻ കാലൻ അടിയിലൂടെ തന്റെ ആദ്യ ഗോൾ നേടിയ ലുക്കാക്കു ബെൽജിയത്തിനു മത്സരത്തിൽ ആദ്യമായി മുൻതൂക്കം നൽകി. ഒന്നാം പകുതി കൂടുതൽ അപകടം ഇല്ലാതെ എസ്റ്റോണിയ അവസാനിപ്പിച്ചു.
രണ്ടാം പകുതി തുടങ്ങി 52 മിനിറ്റിൽ തന്നെ തന്റെ രണ്ടാം ഗോൾ ലുക്കാക്കു കണ്ടത്തി. ഇത്തവണ ഹാൻസിന്റെ പാസിൽ നിന്നു വലൻ കാലൻ അടിയിലൂടെയാണ് ചെൽസി താരം ഗോൾ നേടിയത്. 65 മിനിറ്റിൽ ത്രോസാഡിന്റെ പാസിൽ അലക്‌സ് വിക്സൽ ബെൽജിയത്തിന്റെ നാലാം ഗോൾ നേടിയപ്പോൾ യാനിക് കരാസ്‌കോയുടെ പാസിൽ നിന്നു തോമസ് ഫോകറ്റ് ആണ് ബെൽജിയം ഗോളടി പൂർത്തിയാക്കിയത്. 82 മിനിറ്റിൽ ഗോൾ നേടിയ എറിക് സോർഗ എസ്റ്റോണിയയുടെ പരാജയഭാരം കുറച്ചു. 99 മത്സരങ്ങളിൽ രാജ്യത്തിനു ആയി ലുക്കാക്കു ഇതോടെ 66 ഗോളുകൾ ആണ് നേടിയത്. അതേസമയം മറ്റൊരു മത്സരത്തിൽ പോളണ്ട് അൽബാനിയയെ 4-1 നു തകർത്തു. പതിവ് പോലെ റോബർട്ട് ലെവൻഡോസ്കി പോളണ്ടിനു ആയി ഗോൾ കണ്ടത്തിയ മത്സരത്തിൽ ബുക്സ,ക്രചോവിയാക്, ലിനെറ്റി എന്നിവർ ആണ് മറ്റ് ഗോളുകൾ നേടിയത്. ലോകകപ്പ് യോഗ്യതയിൽ മൂന്നാം മത്സരത്തിൽ നാലാം ഗോൾ ആണ് ഇന്ന് ലെവൻഡോസ്കി നേടിയത്.