യൂറോ കപ്പ് ജയത്തിനു ശേഷമുള്ള തങ്ങളുടെ ആദ്യ മത്സരത്തിൽ സമനില വഴങ്ങി ഇറ്റലി. ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൾഗേറിയ ആണ് യൂറോപ്യൻ ജേതാക്കളെ 1-1 നു സമനിലയിൽ തളച്ചത്. ഇറ്റലി പൂർണ ആധിപത്യം കാണിച്ച മത്സരത്തിൽ ഫെഡറിക്കോ കിയേൽസ ആണ് മാഞ്ചിനിയുടെ ടീമിന് 16 മിനിറ്റിൽ ആദ്യ ഗോൾ സമ്മാനിക്കുന്നത്. താൻ തന്നെ തുടങ്ങിയ മികച്ച മുന്നേറ്റം യുവന്റസ് താരം മനോഹരമായി ലക്ഷ്യത്തിൽ എത്തിച്ചു.
എന്നാൽ 40 മിനിറ്റിൽ ഇറ്റലിയെ ഞെട്ടിച്ചു ബൾഗേറിയ സമനില ഗോൾ നേടി. തന്റെ മികച്ച ഓട്ടം കൊണ്ടു ഇറ്റാലിയൻ പ്രതിരോധത്തിൽ ഫ്ലോറൻസിയെ മറികടന്ന ദസ്പൊഡോവ് ഒരുക്കിയ മനോഹര അവസരം ഗോളാക്കി മാറ്റിയ അറ്റനസ് ഇലിയവ് ആണ് ബൾഗേറിയക്ക് സമനില സമ്മാനിച്ചത്. മത്സരത്തിൽ 79 ശതമാനം സമയം പന്ത് കൈവശം വച്ച ഇറ്റലി 27 ഷോട്ടുകൾ ആണ് ഉതിർത്തത്. എന്നാൽ ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന ബൾഗേറിയ പ്രതിരോധവും ഗോൾ കീപ്പറും അവർക്ക് ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു സമനില സമ്മാനിച്ചു.