യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ നാണക്കേട് ആയി ഹംഗേറിയൻ ആരാധകർ. ബുദാപസ്റ്റിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് താരങ്ങൾക്ക് നേരെ നിരന്തരം വംശീയ മുദ്രാവാക്യങ്ങൾ ഉയർത്തിയ ഹംഗേറിയൻ ആരാധകർ ഫുട്‌ബോളിന് തന്നെ കളങ്കമായി. ആദ്യ പകുതിയിൽ ഗോൾ കണ്ടത്താൻ ഇരു ടീമുകളും പരാജയപ്പെടുന്നത് ആണ് കാണാൻ ആയത്. ഇംഗ്ലണ്ട് തന്നെയായിരുന്നു മികച്ച ടീം. രണ്ടാം പകുതിയിൽ 55 മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ് ആണ് ഇംഗ്ലണ്ടിന് ആദ്യ ഗോൾ സമ്മാനിച്ചത്. ചെൽസി താരം മേസൻ മൗണ്ടിന്റെ പാസിൽ നിന്നു സ്റ്റെർലിങ് ഗോൾ നേടിയതോടെ കാണികളുടെ വംശീയ അധിക്ഷേപങ്ങൾ കൂടുതൽ കടുത്തു. കഴിഞ്ഞ ആഴ്ച കോവിഡ് മൂലം മരിച്ച തന്റെ സുഹൃത്ത് 26 കാരനായ ആയ സ്റ്റെഫി ഗ്രെഗിനു ഈ ഗോൾ സ്റ്റെർലിങ് സമർപ്പിച്ചു.
ഗോൾ വന്നതോടെ ഇംഗ്ലണ്ട് കൂടുതൽ അപകടകാരികൾ ആയി. 64 മിനിറ്റിൽ സ്റ്റെർലിങ് അടിച്ച ഷോട്ടിൽ നിന്നു ലഭിച്ച റീബൗണ്ട് ലക്ഷ്യം കണ്ട ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ അവർക്ക് രണ്ടാം ഗോളും സമ്മാനിച്ചു. 69 മിനിറ്റിൽ ഹംഗറി കാണികളുടെ കൂവി വിളികൾക്കും കുപ്പി ഏറുകൾക്കും ഇടയിൽ നിന്നു ലൂക്ക് ഷാ എടുത്ത കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ഹാരി മക്വയർ ഇംഗ്ലണ്ടിന് മൂന്നാം ഗോളും സമ്മാനിച്ചു. മൂന്നാം ഗോളിനായി രണ്ടു മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഒന്നിക്കുന്നത് ആണ് കണ്ടത്. തുടർന്ന് 87 മിനിറ്റിൽ ജാക് ഗ്രീലിഷിന്റെ പാസിൽ നിന്നു ഒരു ലോങ് റേഞ്ച് അടിയിലൂടെ ഗുലാചിയെ മറികടന്ന വെസ്റ്റ് ഹാം താരം ഡക്ലൻ റേസ് വംശീയ വെറിയന്മാരുടെ വായ അടപ്പിച്ചു ഇംഗ്ലീഷ് ജയം പൂർത്തിയാക്കി. ഹംഗേറിയൻ ആരാധകരുടെ ഈ മോശം പെരുമാറ്റത്തിന് യു.ഫേ.ഫ നടപടി സ്വീകരിച്ചേക്കും.