മുൻ ഇന്ത്യൻ താരം വസിം ജാഫറിന്റെ എക്കാലത്തെയും മികച്ച ഏകദിന ടീമിന്റെ ക്യാപ്റ്റനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. മഹേന്ദ്ര സിംഗ് ധോണിയടക്കം ഇന്ത്യയിൽ നിന്ന് 4 താരങ്ങൾ വസിം ജാഫറുടെ എക്കാലത്തെയും മികച്ച ടീമിൽ ഇടം നേടിയിട്ടുണ്ട്. ടീമിന്റെ ഓപ്പണറായി രണ്ട് ഇന്ത്യൻ താരങ്ങളെയാണ് വസിം ജാഫർ തിരഞ്ഞെടുത്തത്. സച്ചിൻ ടെണ്ടുൽക്കറെയും രോഹിത് ശർമ്മയെയുമാണ് ഓപ്പണറായി വസിം ജാഫർ തിരഞ്ഞെടുത്തത്. മൂന്നാം സ്ഥാനത്ത് വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സും നാലാമതായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.
മധ്യ നിരയിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എ.വി ഡിവില്ലേഴ്‌സും ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സും വസിം ജാഫറിന്റെ ടീമിൽ ഉൾപെട്ടിട്ടുണ്ട്. വിക്കറ്റ് കീപ്പറും ടീമിന്റെ ക്യാപ്റ്റനുമായി മഹേന്ദ്ര സിംഗ് ധോണിയേയും വസിം ജാഫർ ഉൾപെടുത്തിയിട്ടുണ്ട്. ഫാസ്റ്റ് ബൗളർമാരായി പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വസിം അക്രമും മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളറും ഗ്ലെൻ മഗ്രാത്തും വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ജോയൽ ഗാർനറും ഉൾപെട്ടിട്ടുണ്ട്. സ്പിന്നർമാരുടെ കാര്യത്തിൽ സഖ്‌ലൈൻ മുഷ്‌താഖ്, ഷെയിൻ വോൺ എന്നിവരിൽ നിന്ന് ഒരാളെയും വസിം ജാഫർ തിരഞ്ഞെടുക്കുന്നുണ്ട്. ടീമിന്റെ പന്ത്രണ്ടാമനായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പോണ്ടിങ്ങിനെയാണ് വസിം ജാഫർ തിരഞ്ഞെടുത്തത്.