തീപാറും ഫൈനൽ പോരാട്ടം!!! ചാമ്പ്യന്‍ഷിപ്പ് പോയിന്റ് അതിജീവിച്ച് ജയന്റ് കില്ലര്‍ വാംഗ് ചുക്വിന്‍ മക്കാവുവിലെ കിരീടം സ്വന്തമാക്കി

മാ ലോംഗിനെയും ഷു ഷിന്നിനെയും ക്വാര്‍ട്ടറിലും സെമിയിലും പരാജയപ്പെടുത്തി എത്തിയ വാംഗ് ചുക്വിന്‍ ഫൈനലില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട മത്സരത്തിൽ ലിന്‍ ഗോയുവാനിനെതിരെയുള്ള മത്സരം 4-3 ന് വിജയിച്ചു. ടൂര്‍ണ്ണമെന്റ് വിജയിക്കുവാന്‍ സാധ്യതയേറെയുണ്ടായിരുന്ന മാ ലോംഗും ഫാന്‍ ഷെന്‍ഡോംഗും സെമി ഫൈനൽ കാണാതെ പോയ ഡബ്ല്യുടിടി മക്കാവു 2021 ടൂര്‍ണ്ണമെന്റിൽ രണ്ട് ചൈനീസ് യുവ താരങ്ങളാണ് പുരുഷ സിംഗിള്‍സിൽ ഏറ്റുമുട്ടിയത്.

11-8, 9-11, 11-9, 10-12, 9-11, 14-12, 11-9 എന്ന സ്കോറിനായിരുന്നു വാംഗിന്റെ വിജയം. ആദ്യ അഞ്ച് ഗെയിമിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കണ്ടത്. അഞ്ച് ഗെയിം അവസാനിക്കുമ്പോള്‍ 3-2ന് ലിന്‍ ആയിരുന്നു മുന്നിൽ.

ആറാം ഗെയിമിൽ 5-7ന് പുറകെയായിരുന്ന വാംഗ് പിന്നീട് 5 പോയിന്റുകള്‍ നേടി ഗെയിം പോയിന്റ് സ്വന്തമാക്കി. എന്നാൽ അടുത്ത രണ്ട് പോയിന്റ് നേടി ലിന്‍ മത്സരത്തില്‍ തിരിച്ചുവരവ് നടത്തി. അടുത്ത പോയിന്റും നേടി മാച്ച് പോയിന്റ് സ്വന്തമാക്കിയെങ്കിലും വീണ്ടും മത്സരം ഡ്യൂസിലെത്തിക്കുവാന്‍ വാംഗിന് സാധിച്ചു. പിന്നെയും പോയിന്റുകള്‍ മാറി മറിഞ്ഞപ്പോള്‍ വാംഗ് ആറാം ഗെയിം സ്വന്തമാക്കി മത്സരം 3-3 ആക്കി മാറ്റി.

ഏഴാം ഗെയിമിലും പോയിന്റുകള്‍ മാറി മാറി നേടി ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറുകയായിരുന്നു. 9-9 എന്ന നിലയിൽ ഫൈനൽ ഗെയിമും എത്തിയപ്പോള്‍ വാംഗിന് ആണ് ഇത്തവണ മാച്ച് പോയിന്റ് ലഭിച്ചത്. ഏഴാം സെറ്റ് 11-9 ന് നേടി താരം കിരീടം സ്വന്തമാക്കി.

വനിത സിംഗിള്‍സിൽ വാംഗ് മാന്‍യു നേരിട്ടുള്ള ഗെയിമുകളിൽ 4-0 എന്ന സ്കോറിന് ചൈനയുടെ തന്നെ ലിയു ഷീവെന്നിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. 11-6, 11-7, 11-7, 12-10 എന്നായിരുന്നു സ്കോര്‍.