രഞ്ജി താരങ്ങളായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും അടിച്ച് തകര്‍ത്തപ്പോള്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെതിരെ 5 വിക്കറ്റ് വിജയം നേടി പ്രതിഭ സിസി. ഇന്ന് 165 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ പ്രതിഭയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും 9.5 ഓവറില്‍ 103 റണ്‍സാണ് നേടിയത്. 39 പന്തില്‍ നിന്ന് 5 ഫോറും 6 സിക്സും അടക്കം 69 റണ്‍സ് നേടിയ വിഷ്ണുവിന്റെ വിക്കറ്റാണ് പ്രതിഭയ്ക്ക് ആദ്യം നഷ്ടമായത്. 35 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ അസ്ഹറുദ്ദീനും പുറത്തായ ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായി 135/5 എന്ന നിലയിലേക്ക് ടീം വീണുവെങ്കിലും ഷറഫുദ്ദീനും(17*) രഞ്ജിത്ത് രവീന്ദ്രനും(9*) ചേര്‍ന്ന് ടീമിനെ 23.4 ഓവറില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മാസ്റ്റേഴ്സിന് വേണ്ടി കാര്‍ത്തിക് ബി നായര്‍ മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സിന് വേണ്ടി കൃഷ്ണ പ്രസാദും അഭയ് ജോടിനും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ടീമിനെ 164/5 എന്ന സ്കോറിലേക്ക് നയിച്ചത്. 22/2 എന്ന നിലയില്‍ നിന്ന് 103 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. അഭയ് 52 റണ്‍സ് നേടിയപ്പോള്‍ 76 റണ്‍സാണ് കൃഷ്ണ പ്രസാദ് നേടിയത്. അതുല്‍ 20 റണ്‍സും ടീമിനായി നേടി. പ്രതിഭയ്ക്ക് വേണ്ടി ശ്രീരാജ് രണ്ട് വിക്കറ്റ് നേടി.