കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ മാനേജ്മെന്റ് വന്നതോടെ കാര്യങ്ങൾ പൂർണ്ണമായും മാറുകയാണ്. തിരിയും ജിങ്കനും ക്ലബ് വിട്ടതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് മറ്റൊരു വലിയ വാർത്ത വരികയാണ്. സി ഇ ഒ വീരൻ ഡിസിൽവയും ക്ലബ് വിട്ടിരിക്കുകയാണ്. പുതിയ മാനേജ്മെന്റുമായി ഉടകിയ വീരൻ ഡിസിൽവ രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു. മാനേജ്മെന്റുമായുള്ള തർക്കങ്ങൾ ആണ് വീരൻ ക്കബ് വിടാനുള്ള കാരണം.
കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ ആയിരുന്ന വരുൺ ത്രിപുരനേനി ടീം വിട്ട ഒഴിവിലേക്ക് കഴിഞ്ഞ വർഷമായിരുന്നു വീരൻ എത്തിയത്. ഐ എസ് എല്ലിൽ ആദ്യ രണ്ട് സീസണുകളിലും വീരൻ കേരള ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ ആയി പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. നേരത്തെ വിദേശ താരങ്ങളുടെ ഉൾപ്പെടെ ശമ്പളം കുറയ്ക്കാൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ മാനേജ്മെന്റ് തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. താരങ്ങൾക്ക് ഇടയിലും സി ഇ ഒ ആയിരുന്ന വീരനും ഇതിൽ വലിയ അതൃപ്തി ഉണ്ടായിരുന്നു. തർക്കങ്ങൾ പരിഹരിക്കാൻ കഴിയാത്തതോടെയാണ് സി ഇ ഒ സ്ഥാനം വീരൻ ഒഴിഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സിലെ പുതിയ മാനേജ്മെന്റ് ഉടൻ പുതിയ സി ഇ ഒയെ നിയമിക്കും എന്നാണ് സൂചന.