2019ലെ ഇന്ത്യയുടെ അവസാന ടി20 മത്സരവും കഴിഞ്ഞപ്പോൾ ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരങ്ങളായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും. ഇരു താരങ്ങളും നിലവിൽ ടി20യിൽ 2633 റൺസാണ് എടുത്തത്. ഇന്നലെ മത്സരം തുടങ്ങുമ്പോൾ രോഹിത് ശർമ്മയെക്കാൾ ഒരു റൺസ് അധികമായിരുന്നു വിരാട് കോഹ്‌ലിക്ക് ഉണ്ടായിരുന്നത്. എന്നാൽ വെസ്റ്റിൻഡീസിനെതിരായ ടി20യിൽ രോഹിത് ശർമ്മ 71 റൺസും വിരാട് കോഹ്‌ലി 70 റൺസും എടുത്തതോടെയാണ് ടി20 റൺ പട്ടികയിൽ ഇരു താരങ്ങളും ഒരേ സ്‌കോറിൽ എത്തിയത്.
75 മത്സരങ്ങളിൽ നിന്ന് 52.66 ആവറേജോടെയാണ് വിരാട് കോഹ്‌ലി 2633 റൺസ് നേടിയത്. അതെ സമയം 104 മത്സരങ്ങളിൽ നിന്ന് 32.10 ആവറേജോടെയാണ് രോഹിത് ശർമ്മ 2633 റൺസ് സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് ന്യൂസിലാൻഡ് താരം മാർട്ടിൻ ഗുപ്റ്റിൽ ആണ്. 2436 റൺസാണ് ടി20യിൽ മാർട്ടിൻ ഗുപ്റ്റിലിന്റെ സമ്പാദ്യം. നിർണ്ണായക മത്സരത്തിൽ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും കെ.എൽ രാഹുലിന്റെയും മികവിൽ ഇന്ത്യ 67 റൺസിന് വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.