പരസ്പരം ബഹുമാനിക്കുക,നൃത്തം ചെയ്യുന്നത് അവസാനിപ്പിക്കാൻ ഉദ്ദേശമില്ല: വിനീഷ്യസ് ജൂനിയർ
വിനിഷ്യസ് ജൂനിയറിനെതിരായ സാമൂഹിക മാധ്യമങ്ങളിലെ വംശീയ വിദ്വേഷം വിവാദമായതോടെ പ്രതികരണവുമായി താരം രംഗത്ത് വന്നു. വിനിഷ്യസിന് പിന്തുണയുമായി ഒരുപിടി താരങ്ങളും രംഗത്ത് വന്നിരുന്നു. ഇത്തരം സംഗതികൾ വെച്ചു പൊറുപ്പിക്കില്ലെന്ന് റയൽ മാഡ്രിഡും വ്യക്തമാക്കിയിരുന്നു. പെലെ, റാഫിഞ്ഞ, നെയ്മർ അടക്കം താരത്തിന് പരസ്യമായി പിന്തുണ അറിയിച്ചിരുന്നു.
ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് വിനിഷസ് ജൂനിയർ തന്റെ പ്രതികരണം അറിയിച്ചത്. “കണ്ണുകളിലെ തിളക്കത്തെക്കാൾ ചർമത്തിന്റെ നിറത്തിനാണ് നിങ്ങൾ പ്രാധാന്യം നൽകുന്നതെങ്കിൽ ഇവടെ യുദ്ധമായിരിക്കും ഫലം” എന്നാണ് താൻ ശരീരത്തിൽ പച്ചകുത്തിയിട്ടുള്ളത് എന്ന് താരം പറഞ്ഞു. “ഇത് പച്ചകുത്താൻ മാത്രമുള്ളതല്ല, തന്റെ ജീവിതത്തിൽ ഇത് നടപ്പിൽ വരുത്തുകയും ചെയ്യുന്നു.
ഒരു കറുത്ത ബ്രസീലുകാരൻ യൂറോപ്പിൽ വിജയക്കൊടി നാട്ടുന്നത് ചിലരെ വല്ലാതെ അലട്ടുന്നുണ്ട്. വിജയം മാത്രമാണ് തന്റെ ലക്ഷ്യം. ഒരൊറ്റ പ്രസ്താവനയിലൂടെ താൻ വംശീയതക്കും വിദ്വേഷത്തിനും ഇരയായിരിക്കുകയാണ്. പക്ഷെ ഇത് ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല,
“, താരം തുടർന്നു.
ഗോൾ നേടിയ ശേഷമുള്ള തന്റെ നൃത്തത്തെ അവർ നേരത്തെ വിമർശിക്കുന്നുണ്ടെന്ന് താരം ചൂണ്ടിക്കാണിച്ചു. പക്ഷെ ഈ നൃത്തം തന്റെ മാത്രമല്ല. റൊണാൾഡീഞ്ഞോ, നെയ്മർ, ജാവോ ഫെലിക്‌സ്, ഗ്രീസ്മാൻ കൂടാതെ ബ്രസീലിയൻ കലാകാരന്മാർ എല്ലാം ഇത്തരത്തിൽ നൃത്തം ചെയ്യുന്നതാണ്. സാംസ്കാരിക വൈവിധ്യം കൊണ്ടാടാനുള്ള ഉപാധിയാണ് ഈ നൃത്തങ്ങൾ. അതിനെ അംഗീകരിക്കുക, ബഹുമാനിക്കുക, താൻ നൃത്തം വെക്കുന്നത് അവസാനിപ്പിക്കാൻ
ഉദ്ദേശിക്കുന്നില്ല, താരം തന്റെ നിലപാട് വ്യക്തമാക്കി.
“ദാരിദ്ര്യത്തിന്റെ നടുവിലുള്ള ഒരു രാജ്യത്ത് നിന്നാണ് താൻ വരുന്നത്. അവടെ വിദ്യാഭ്യാസത്തിന് അവസരമില്ല. തനിക്ക് ഭക്ഷണത്തിനായിരുന്നു ബുദ്ധിമുട്ട്. ഇത്തരം പരാമർശങ്ങൾ വരുമ്പോൾ താൻ പൊതുവെ പ്രതികരിക്കറില്ല, അത് തനിക്ക് നൽകുന്ന ഊർജത്തിൽ കൂടുതൽ കഠിനാധ്വാനം ചെയ്യുകയാണ് പതിവ്” വിനീഷ്യസ് തുടർന്നു
“വിദ്യാഭ്യാസത്തിന് വേണ്ടി താൻ ഇപ്പോൾ ഒരുപാട് തുക നീക്കിവെക്കുന്നുണ്ട്, അടുത്ത തലമുറയെ ഇത്തരം വംശീയ, വർഗീയ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കാൻ സന്നാധാരാക്കാൻ കൂടിയാണത്”.
ഇത്തരം വെറുപ്പിന്റെ പരാമർശങ്ങൾ എല്ലാം ഒരു മാപ്പിലാണ് അവസാനിക്കുക എന്നും എന്നാൽ ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്ഥിക്കുമെന്നും താരം ചൂണ്ടിക്കാട്ടി. ബെർണബ്യൂവിൽ ആയാലും മറ്റ് എവിടെ ആയാലും താൻ നൃത്തം അവസാനിപ്പിക്കില്ലെന്ന് കൂടി പറഞ്ഞാണ് വിനീഷ്യസ് തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.