ബാഴ്സലോണക്ക് പിന്നാലെ ലാലിഗയിൽ റയൽ മാഡ്രിഡും പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് ലെവന്റെയെ നേരിട്ട റയൽ മാഡ്രിഡ് ആവേശകരമായ ത്രില്ലറിന് ഒടുവിൽ 3-3 എന്ന സമനിലയിൽ കളി അവസാനിപ്പിച്ചു. അവസാന ഘട്ടത്തിൽ രണ്ട് തവണ പിറകിൽ പോയപ്പോഴും ഗോളടിച്ച് രക്ഷിച്ച വിനീഷ്യസ് ആണ് റയൽ മാഡ്രിഡിന്റെ ഇന്നത്തെ ഹീറോ. ഇന്ന് മികച്ച രീതിയിലാണ് റയൽ മത്സരം ആരംഭിച്ചത്. കളിയുടെ അഞ്ചാം മിനുട്ടിൽ തന്നെ അവർ ലീഡ് കണ്ടെത്തി. ബെൻസീമയുടെ പാസിൽ നിന്ന് ഗരെത് ബെയ്ല് ആയിരുന്നു റയലിന് ലീഡ് നൽകിയത്.
ആദ്യ പകുതി ആ ലീഡിൽ അവസാനിപ്പിക്കാൻ റയലിനായി. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 46ആം മിനുട്ടിൽ റോജർ മാർട്ടി ലെവന്റെയ്ക്ക് സമനില നൽകി. പിന്നാലെ 57ആം മിനുട്ടിൽ കാമ്പാന ലെവന്റെയെ മുന്നിൽ എത്തിക്കുകയും ചെയ്തു. പിന്നീട് ആയിരുന്നു വിനീഷ്യസിന്റെ രക്ഷാപ്രവർത്തനം. 73ആം മിനുട്ടിൽ കസമേറോയിൽ നന്ന് പന്ത് സ്വീകരിച്ച് സ്കോർ 2-2 എന്നാക്കി. പിന്നാലെ ലെവന്റെ വീണ്ടും മുന്നിൽ എത്തിച്ചു. 79ആം മിനുട്ടിൽ റോബേർട് പയറിന്റെ വക ആയിരുന്നു ലെവന്റെയുടെ മൂന്നാമത്തെ ഗോൾ.
വീണ്ടും വിനീഷ്യസ് രക്ഷയ്ക്ക് എത്തി. ഇത്തവണ ബെൻസീമ ആയിരുന്നു അസിസ്റ്റ്. ഇതിനു ശേഷം ലെവന്റെ താരം ഫെർണാണ്ടസ് ചുവപ്പ് കണ്ട് പുറത്ത് പോയി. അവസാന നിമിഷങ്ങളിൽ വിജയത്തിനായി റയൽ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.