യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ വിയ്യാറയൽ ആഴ്സണലിനെ വീഴ്ത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിയ്യാറയലിന്റെ വിജയം. ആതിഥേയരായ വിയ്യറയലിന് മികച്ച തുടക്കം തന്നെ ഇന്ന് ലഭിച്ചു. അഞ്ചാം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ അവർക്ക് ആയി. അഞ്ചാം മിനുട്ടിൽ പെനാൾട്ടി ബോക്സിനകത്ത് നിന്ന് ഒരു പവർഫുൾ ഷോട്ടിലൂടെ മാനുവൽ ട്രിഗൊരസ് ആണ് വിയ്യറയലിന് ലീഡ് നൽകിയത്. പരിക്ക് കാരണം പ്രമുഖ താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ആഴ്സണലിന് തുടക്കത്തിലെ ഈ തിരിച്ചടിയിൽ നിന്ന് കരകയറാൻ ആയില്ല.
29ആം മിനുട്ടിൽ വിയ്യറയലിന്റെ രണ്ടാം ഗോൾ വന്നു. ഒരു കോർണറിൽ നിന്നായിരുന്നു ഗോൾ. കോർണറിൽ മൊറേനോയീടെ ഫ്ലിക്ക് റൗൾ അബിയോളിനെ കണ്ടെത്തുക ആയിരുന്നു. അബിയോൾ സുഖമായി പന്ത് വലയിൽ എത്തിച്ചു. ആദ്യ പകുതി വിയ്യറയൽ 2-0 എന്ന സ്കോറിന് അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആഴ്സണൽ ചുവപ്പ് കാർഡ് കാരണം പത്തുപേരായി ചുരുങ്ങി.
സെബയോസ് ആണ് ആഴ്സണൽ നിരയിൽ നിന്ന് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്തേക്ക് പോയത്. പത്ത് പേരായി ചുരുങ്ങി എങ്കിലും ഒരു ഗോൾ മടക്കാൻ ആഴ്സണലിനായി. പെനാൾട്ടിയിലൂടെ 73ആം മിനുട്ടിൽ പെപെയാണ് ആഴ്സണലിന്റെ ഗോൾ നേടിയത്. ഇതിനു പിന്നാലെ 80ആം മിനുട്ടിൽ വിയ്യാറയൽ താരം കപോ ചുവപ്പ് കണ്ട് പുറത്തായി. ഇതോടെ രണ്ടു ടീമുകളും പത്തുപേരായി ചുരുങ്ങി. എങ്കിലും സ്കോർ മാറ്റമുണ്ടായില്ല. പരാജയപ്പെട്ടെങ്കിലും എവേ ഗോൾ ആഴ്സണലിന് പ്രതീക്ഷ നൽകും













