മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഇന്ന് ആസ്റ്റൺ വില്ലയെയും പരാജയപ്പെടുത്തിയതോടെ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒന്നാമതുള്ള ലിവർപൂളിനൊപ്പം പോയിന്റ് നിലയിൽ എത്തിയിരിക്കുകയാണ്. ഇന്ന് വൻ പോരാട്ടത്തിനൊടുവിൽ 2-1 എന്ന സ്കോറിനാണ് യുണൈറ്റഡ് വിജയിച്ചത്.
ഇന്ന് ഓൾഡ് ട്രാഫോർഡിൽ മികച്ച ഫുട്ബോൾ മത്സരമാണ് കണ്ടത്. രണ്ട് ടീമുകളും അറ്റാക്കിംഗ് നടത്തിക്കൊണ്ടിരുന്ന ആദ്യ പകുതിയാണ് കണ്ടത്. കൂടുതൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു. മാർഷ്യലിന്റെ ഒരു ഗംഭീര ഷോട്ട് മാർട്ടിനെസ് തടഞ്ഞിട്ടപ്പോൾ മറുവശത്ത് മഗ്വിന്റെ വോളി ഡി ഹിയയും തടഞ്ഞു. 40ആം മിനുട്ടിൽ ആണ് കളിയിലെ ആദ്യ ഗോൾ വന്നത്.
പോഗ്ബ തുടങ്ങി വെച്ച അറ്റാക്ക് വലതു വിങ്ങിൽ വാൻ ബിസാകയുടെ കുതിപ്പിലൂടെ ആസ്റ്റൺ വില്ലയുടെ പെനാൾട്ടി ബോക്സിൽ എത്തി. അവിടെ നിന്ന് ബിസാക നൽകിയ ക്രോസ് ഒരു ഡൈവിംഗ് ഹെഡറിലൂടെ മാർഷ്യൽ വലയിൽ എത്തിക്കുക ആയിരുന്നു. ഈ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ എത്തിച്ചു.
രണ്ടാം പകുതിയിൽ പക്ഷെ ആസ്റ്റൺ വില്ലയുടെ ആക്രമണങ്ങളുടെ മൂർച്ച കൂടി. ഒരു തവണ ഡി ഹിയ യുണൈറ്റഡിന്റെ രക്ഷിച്ചു എങ്കിലും 58ആം മിനുട്ടിൽ ആസ്റ്റൺ വില്ല അവർ അർഹിച്ച സമനില കണ്ടെത്തി. ഗ്രീലിഷിന്റെ പാസിൽ നിന്ന് ട്രയോരെ ആണ് ആസ്റ്റൺ വില്ലയ്ക്ക് സമനില നൽകിയത്. ഇതിനു പിന്നാലെ 61ആം മിനുട്ടിൽ തന്നെ യുണൈറ്റഡിന് ലീഡ് വീണ്ടെടുക്കാൻ ആയി.
പോഗ്ബയെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ബ്രൂണൊ ഫെർണാണ്ടസ് ആണ് ലക്ഷ്യത്തിൽ എത്തിച്ചത്. ബ്രൂണൊ ഫെർണാണ്ടസിന്റെ ഈ സീസണിലെ പതിനഞ്ചാം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷവും ഇരു ടീമുകളും അറ്റാക്ക് ചെയ്യുന്നത് തുടർന്നു. മാർഷ്യലിനും പോഗ്ബക്കും ലീഡ് വർധിപ്പിക്കാനുള്ള സുവർണ്ണാവസരം ലഭിച്ചു എങ്കിലും രണ്ടു പേരും ലക്ഷ്യം കണ്ടില്ല. 77ആം മിനുട്ടിൽ ബ്രൂണോയുടെ ലോംഗ് റേഞ്ചർ ആകട്ടെ മാർട്ടിനസ് ലോകോത്തര സേവിലൂടെ തട്ടിയകറ്റി. പിന്നലെ റാഷ്ഫോർഡിന്റെ ഷോട്ട് ബാറിനെ ഉരുമ്മിയാണ് പുറത്ത് പോയത്.
93ആം മിനുട്ടിൽ ഡി ഹിയയുടെ മറ്റൊരു ഗംഭീര സേവ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലീഡിൽ നിലനിർത്തി. ഈ സേവ് വിജയൻ ഉറപ്പിക്കുകയും ചെയ്തു. ഈ വിജയത്തോടെ യുണൈറ്റഡിന് 16 മത്സരങ്ങളിൽ നിന്ന് 33 പോയിന്റായി. ലിവർപൂളിനും 33 പോയിന്റാണ് ഉള്ളത്.