മേഴ്സി സൈഡ് ഡാർബിയിൽ ഇത്തവണ വിരസമായ സമനിലയില്ല പകരം ഒരു ആവേശ സമനില. വാർ എവർട്ടന്റെ രക്ഷയ്ക്ക് എത്തിയ മത്സരത്തിൽ 2-2 സമനിലയുമായി എവർട്ടണും ലിവർപൂളും പിരിയേണ്ടി വന്നു. മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ എവർട്ടൺ ഡിഫൻസിനെ കീഴ്പ്പെടുത്താൻ ലിവർപൂളിന് ആയി. വളരെ പെട്ടെന്നുള്ള പാസിംഗിലൂടെ എവർട്ടൺ ഡിഫൻസിനെ വട്ടം കറക്കിയ ലിവർപൂൾ അറ്റാക്ക് സാഡിയോ മാനെയിലൂടെ ആണ് ഇന്നത്തെ ആദ്യ ഗോൾ നേടിയത്. റോബേർട്സന്റെ പാസിൽ നിന്നായിരുന്നു മാനെയുടെ ഫിനിഷ്. മികച്ച രീതിയിൽ തുടങ്ങിയ ലിവർപൂളിന് പക്ഷെ വാൻ ഡൈകിന്റെ പരിക്ക് വിനയായി.
12ആം മിനുട്ടിൽ വാൻ ഡൈക് പരിക്കേറ്റ് പോയതോടെ ലിവർപൂൾ ഡിഫൻസ് പ്രതിസന്ധിയിലായി. ഇത് മുതലാക്കി ഒരു സെറ്റ് പീസിൽ നിന്ന് എവർട്ടൺ സമനില നേടി. 19ആം മിനുട്ടിൽ ഹാമസ് റോഡ്രിഗസ് എടുത്ത കോർണറിൽ നിന്ന് കീനിന്റെ ഹെഡർ ആണ് സമനില നൽകി വലയിൽ എത്തിയത്. രണ്ടാം പകുതിയിൽ എവർട്ടൺ മെച്ചപ്പെട്ടു നിന്നു എങ്കിലും വീണ്ടും ലീഡ് എടുത്തത് ലിവർപൂൾ ആയിരുന്നു. 72ആം മിനുട്ടിൽ എവർട്ടൺ ഡിഫൻസിന്റെ ഒരു ദുർബല ക്ലിയറൻസ് വന്ന് നിന്നത് സലായുടെ മുന്നിൽ. ഒറ്റ ടച്ചിൽ സലാ 2-1ന് ലിവർപൂളിനെ മുന്നിൽ എത്തിച്ചത്.
പക്ഷെ വീണ്ടും തിരിച്ചടിക്കാൻ എവർട്ടൺ ആയി. ഇത്തവണ അവരുടെ ഗോൾ മെഷീൻ ആയ കാൾവർട്ട് ലൂവിൻ ആണ് ഒരു ഗംഭീര ഹെഡറിലൂടെ സമനില നൽകിയത്. പക്ഷെ അതിനു ശേഷം റിച്ചാർലിസന് ചുവപ്പ് കിട്ടിയത് എവർട്ടണെ സമ്മർദത്തിലാക്കി. 83ആം മിനുട്ടിൽ തിയാഗോയെ ഫൗൾ ചെയ്തതിനായിരുന്നു റിച്ചാർലിസണ് റെഡ് കിട്ടിയത്. ഇതിനു ശേഷം വിജഗോളിനായി ആഞ്ഞു ശ്രമിച്ച ലിവർപൂൾ 92ആം മിനുട്ടിൽ ഹെൻഡേഴ്സണിലൂടെ വിജയ ഗോൾ നേടി. പക്ഷെ തലനാരിഴയ്ക്ക് വാർ ആ ഗോൾ ഓഫ് സൈഡ് വിധിച്ചു. അവസാനം 2-2 സമനിലയിൽ കളി അവസാനിച്ചു.
ഇന്ന് സമനിലയിൽ ആയെങ്കിലും 13 പോയിന്റുമായി എവർട്ടൺ തന്നെയാണ് ലീഗിൽ ഒന്നാമത് ഉള്ളത്. 10 പോയിന്റുമായി ലിവർപൂൾ രണ്ടാമതും നിൽക്കുന്നു.