ലോകകപ്പ് വേദിയാണ് ദയ കാണിക്കും എന്നൊക്കെ തായ്ലാന്റ് കരുതി എങ്കിലും വനിതാ ഫുട്ബോളിലെ ലോക ചാമ്പ്യമാരായ അമേരിക്ക യാതൊരു ദയയും കാണിച്ചില്ല. ഫ്രാൻസിൽ നടക്കുന്ന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അമേരിക്ക അടിച്ചു കൂട്ടിയത് പതിമൂന്നി ഗോളുകളാണ്. എതിരില്ലാത്ത പതിമൂന്ന് ഗോളുകൾ. വനിതാ ലോകകപ്പിലെ എന്നല്ല ഒരു ലോകകപ്പ് മത്സരത്തിലെ തന്നെ ഏറ്റവും വലിയ ജയം സ്വന്തമാക്കാൻ ഈ ഗോളടിയോടെ അമേരിക്കയ്ക്കായി.
മുമ്പ് ജർമ്മനി ജയിച്ച 11-0 എന്ന റെക്കോർഡാണ് ഇന്നത്തെ 13 ഗോളുകളോടെ അമേരിക്ക മറികടന്നത്. ഈ ലോകകപ്പ് കിരീടം തങ്ങൾ നിലനിർത്തും എന്ന വലിയ സൂചനയും അമേരിക്ക ഈ പ്രകടനത്തോടെ നൽകി. ഇന്ന് 13 ഗോളുകളിൽ 5 ഗോളുകളും അമേരിക്കയുടെ സൂപ്പർ സ്റ്റാറായ അലക്സ് മോർഗന്റെ വകയായിരുന്നു. ഒരു ലോകകപ്പ് മത്സരത്തിൽ 5 ഗോളുകളിടുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് മോർഗൻ.
മോർഗനെ കൂടാതെ റോസ് ലവെല്ലെ, സമാന്ത എന്നിവർ രണ്ട് ഗോളുകളും, കാർലി ലോയിഡ്, മലോരി, റാപിനോ, ഹോറൻ, എന്നിവർ ഒരോ ഗോളും ഇന്ന് നേടി.













