വനിതാ ഫുട്ബോൾ ലോകത്ത് അമേരിക്കയ്ക്ക് പകരക്കാരില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് അമേരിക്കൻ പെൺപട വീണ്ടും ലോകകിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. ഇന്ന് ഫ്രാൻസിൽ നടന്ന കലാശ പോരാട്ടത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ ഹോളണ്ടിന് കണ്ണീർ നൽകിയാണ് അമേരിക്ക കിരീടം ഉയർത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അമേരിക്കയുടെ വിജയം.
ഇന്ന് അമേരിക്കയുടെ സമ്പൂർണ്ണ ആധിപത്യം തന്നെ ആയിരുന്നു മത്സരത്തിൽ മുതൽ കണ്ടത്. ആദ്യ പകുതിയിൽ അമേരിക്ക നടത്തിയ നീക്കങ്ങൾ ഒന്നും ഗോളായി മാറാതിരുന്നത് ഹോളണ്ട് കീപ്പർ വീനെന്ദാലിന്റെ മികവ് കൊണ്ടു മാത്രമായിരുന്നു. എന്നാൽ 61ആം മിനുട്ട് വരെയേ ആ മതിലിന് ഹോളണ്ടിനെ രക്ഷിക്കാനായുള്ളൂ. 61ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് മേഗൻ റപീന അമേരിക്കയ്ക്ക് ലീഡ് നൽകി.
റപീനയുടെ ടൂർണമെന്റിലെ ആറാം ഗോളായിരുന്നു ഇത്. ഈ ഗോളോടെ അലക്സ് മോർഗനും വൈറ്റിനും ഒപ്പം ടൂർണമെന്റിലെ ടോപ്പ് സ്കോറർ ആകാൻ റപീനയ്ക്ക് ആയി. റപീനയുടെ ഗോളിന് പിറകെ 69ആം മിനുട്ടിൽ റോസെ ലവെല്ലെയുടെ ഗോളും വന്നു. സോളോ റണ്ണിന് ഒടുവിൽ മനോഹരമായ സ്ട്രൈക്കിലൂടെ ആയിരുന്നു ലവെല്ലെയുടെ ഗോൾ. താരത്തിന്റെ ടൂർണമെന്റിലെ മൂന്നാം ഗോളായിരുന്നു ഇത്. ആ ഗോളോടെ അമേരിക്കയുടെ വിജയം ഉറക്കുകയും ചെയ്തു.
അമേരിക്കയുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടമാണിത്. ആകെ നാല് വനിതാ ലോകകപ്പ് കിരീടങ്ങൾ എന്ന നേട്ടത്തിലും അമേരിക്ക ഇതോടെ എത്തി.