ക്ലബ്ബ് വേൾഡ് കപ്പിനെ പുതിയ ഫോമാറ്റിലേക്ക് മാറ്റിയ ഫിഫ, ഇതിന്റെ ആദ്യ വേദിയായി അമേരിക്കയെ. ഇന്ന് ചേർന്ന ഫിഫ കൗൺസിൽ, 2025 ക്ലബ്ബ് വേൾഡ്കപ്പ് വേദിയായി അമേരിക്കയെ ഏകകണ്ഠമായി തെരെഞ്ഞെടുത്തെന്ന് ഫിഫ വെബ് സൈറ്റിലൂടെ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും കൂടാതെ മറ്റ് കാര്യങ്ങളും പരിഗണിച്ചാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് ഫിഫ അറിയിച്ചു. 2026 ലോകകപ്പ് വേദി കൂടിയായ അമേരിക്കയുടെ ഒരു “ടെസ്റ്റ് റൺ” കൂടി ആവും ഈ ടൂർണമെന്റ്. കൂടാതെ അടുത്ത വർഷത്തെ കോപ്പ അമേരിക്ക മത്സരങ്ങൾക്കും അമേരിക്ക തന്നെയാണ് വേദിയാവുന്നത്.
ലോകോത്തര തലത്തിൽ കായിക മേളകൾ സംഘടിപ്പിക്കാനുള്ള യു.എസിന്റെ കഴിവ് നേരത്തെ ലോകകപ്പ് വേദി അനുവദിക്കുന്നത്തിലേക്ക് നയിച്ചത് ചൂണ്ടിക്കാണിച്ച ഫിഫ, നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിലെ ഫുട്ബോളിന്റെ വളർച്ചയും ഉന്നമിടുന്നതായി ചൂണ്ടിക്കാണിച്ചു. 32 ടീമുകൾ ആവും 2025 ക്ലബ്ബ് വേൾഡ് കപ്പിൽ ഇടം പിടിക്കുക. ഇത്തവണത്തെയും കഴിഞ്ഞ സീസണുകളിലേയും ടൂർണമെന്റ് ചാമ്പ്യന്മാരായ ചെൽസി, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി ടീമുകൾ നേരത്തെ 2025 ലേക്ക് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ലോകകപ്പ് നിലവാരത്തിൽ ഒരു ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റ് ആണ് ഇതിലൂടെ ഫിഫ ലക്ഷ്യം വെക്കുന്നത്. യുറോപ്യൻ ഫുട്ബോളിന്റെ സീസണിനിടയിലുള്ള അവധിയിൽ ജൂൺ മാസത്തിൽ ആയിരിക്കും ടൂർണമെന്റ് സംഘടിപ്പിക്കുക എന്നാണ് സൂചന. ഇതേ മീറ്റിങ്ങിൽ 2030 ലോകകപ്പ് വേദിക്കായുള്ള ബിഡ്ഡിങ് നടപടികൾ നീട്ടി വെക്കാനും ഫിഫ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മീറ്റിങ്ങിൽ ഇതു സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാവും.
Download the Fanport app now!