കലണ്ടർ സ്‌ലാം എന്ന അവിസ്മരണീയ നേട്ടത്തിലേക്ക് കൂടുതൽ അടുത്തു ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച്. മൂന്നാം റൗണ്ടിൽ പരിചയസമ്പന്നനായ ജപ്പാൻ താരം കെയ് നിഷികോരിയെ നാലു സെറ്റിൽ മറികടന്നാണ് ജ്യോക്കോവിച്ച് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. മത്സരത്തിൽ 15 ഏസുകൾ ഉതിർത്ത ജ്യോക്കോവിച്ച് 13 തവണയാണ് ബ്രൈക്ക് പോയിന്റ് അവസരം എതിരാളിക്ക് നൽകിയത്. എന്നാൽ ഇതിൽ 11 രക്ഷിച്ച ജ്യോക്കോവിച്ച് നിഷികോരിയുടെ സർവീസ് 7 തവണ ബ്രൈക്ക് ചെയ്തു. ടൈബ്രേക്കറിലേക്ക് നീണ്ട കടുത്ത പോരാട്ടം കണ്ട ആദ്യ സെറ്റ് ജപ്പാൻ താരം ആണ് നേടിയത്. എന്നാൽ ഇത് തനിക്ക് ഒരു പ്രശ്നവും ആയി കാണാതിരുന്ന ജ്യോക്കോവിച്ച് തുടർന്ന് അനായാസം എതിരാളിക്ക് മേൽ ആധിപത്യം കണ്ടു. 6-3, 6-3, 6-2 എന്ന സ്കോറിന് രണ്ടു, മൂന്നു, നാലു സെറ്റുകൾ നേടിയ ലോക ഒന്നാം നമ്പർ അനായാസം നാലാം റൗണ്ടിലേക്ക് ടിക്കറ്റ് എടുത്തു.
ഇലിയ ഇവാഷ്കക്ക് എതിരെ അഞ്ചു സെറ്റ് പോരാട്ടത്തിൽ ആണ് അതേസമയം ആറാം സീഡ് ഇറ്റാലിയൻ താരം മറ്റെയോ ബരെറ്റിനി ജയം കണ്ടത്. കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ ആദ്യ സെറ്റ് ടൈബ്രേക്കറിൽ കൈവിട്ടാണ് ബരെറ്റിനി തുടങ്ങിയത്. എന്നാൽ രണ്ടും മൂന്നും സെറ്റുകൾ ഇറ്റാലിയൻ താരം 6-2, 6-4 എന്ന സ്കോറിന് നേടി. എന്നാൽ നാലാം സെറ്റ് 6-2 നു നേടിയ ബെലാറസ് താരം മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. എന്നാൽ അഞ്ചാം സെറ്റിൽ തന്റെ മികവ് തിരിച്ചു പിടിച്ച ഇറ്റാലിയൻ താരം 6-3 നു സെറ്റ് നേടി മത്സരം സ്വന്തമാക്കി. മത്സരത്തിൽ 27 ഏസുകൾ ആണ് ഇറ്റാലിയൻ താരം അടിച്ചത്. അഞ്ചു സെറ്റ് പോരാട്ടത്തിൽ 17 സീഡ് ഫ്രഞ്ച് താരം മോൻഫിൽസിനെ വീഴ്ത്തിയ 13 സീഡ് മറ്റൊരു ഇറ്റാലിയൻ താരം യാനിക് സിന്നറും നാലാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം ഇറ്റാലിയൻ താരം ആന്ദ്രസ് സെപ്പിയെ നാലു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തിയ ജർമ്മൻ താരം ഓസ്കാർ ഒട്ടെയും നാലാം റൗണ്ടിലേക്ക് മുന്നേറി.
അമേരിക്കൻ താരം ജാക് സോക്കിനെതിരെ ആദ്യ സെറ്റ് 6-3 നു കൈവിട്ട ശേഷം ആയിരുന്നു നാലാം സീഡ് ആയ ജർമ്മൻ താരം അലക്‌സാണ്ടർ സാഷ സെരവിന്റെ ജയം. ആദ്യ സെറ്റിന് ശേഷം തന്റെ മികവ് തിരിച്ചു പിടിച്ച സാഷ 6-2, 6-3, 6-1 എന്ന സ്കോറിന് തുടർച്ചയായി സെറ്റുകൾ നേടി നാലാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം മൂന്നാം റൗണ്ടിൽ വലിയ അട്ടിമറിയായി ഏഴാം സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപവലോവ് പുറത്ത്. സീഡ് ചെയ്യാത്ത ദക്ഷിണാഫ്രിക്കൻ താരം ലോയിഡ് ഹാരിസ് ആണ് ഷപവലോവിനെ 6-4, 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് അട്ടിമറിച്ചത്. യു.എസ് ഓപ്പണിൽ വിംബിൾഡനു സമാനമായ പ്രകടനം നടത്താനുള്ള താരത്തിന്റെ ശ്രമം ആണ് ഹാരിസിന് മുന്നിൽ വീണത്. അതേസമയം 21 സീഡ് റഷ്യയുടെ അസ്ലൻ അമേരിക്കയുടെ സീഡ് ചെയ്യാത്ത ജെൻസൻ ബ്രുക്സ്ബിയോട് അഞ്ചു സെറ്റ് പോരാട്ടത്തിൽ തോറ്റു പുറത്തായി. 22 സീഡ് അമേരിക്കയുടെ റൈയ്‌ലി ഒപെൽക അതേസമയം നാലാം റൗണ്ടിലേക്ക് മുന്നേറി.