യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്വദേവ്. സെമിയിൽ കനേഡിയൻ താരവും 12 സീഡുമായ ഫെലിക്‌സ് ആഗർ അലിയാസമെയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മെദ്വദേവ് ഫൈനലിലേക്ക് മുന്നേറിയത്. 2019 ൽ ഫൈനൽ കളിച്ച മെദ്വദേവിന്റെ രണ്ടാം യു.എസ് ഓപ്പൺ ഫൈനലും മൂന്നാം ഗ്രാന്റ് സ്‌ലാം ഫൈനലും ആണിത്. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച മെദ്വദേവ് തുടക്കത്തിൽ തന്നെ ഫെലിക്‌സിനെ ബുദ്ധിമുട്ടിച്ചു തുടങ്ങി ഒടുവിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ റഷ്യൻ താരം സെറ്റ് 6-4 നു നേടി മത്സരത്തിൽ ആധിപത്യം പിടിച്ചു. രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിക്കുന്ന ഫെലിക്‌സിനെ ആണ് കാണാൻ ആയത്. തുടക്കത്തിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ കനേഡിയൻ താരം രണ്ടാം സെറ്റിൽ ഒരു ഘട്ടത്തിൽ 5-2 നു മുന്നിലെത്തി.
എന്നാൽ തിരിച്ചടിച്ച മെദ്വദേവ് ശക്തമായ തിരിച്ചു വരവ് ആണ് സെറ്റിൽ നടത്തിയത്. ബ്രൈക്ക് തിരിച്ചു പിടിച്ച റഷ്യൻ താരം ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തി സെറ്റ് 7-5 നു നേടിയതോടെ കനേഡിയൻ താരം സമ്മർദ്ദത്തിലായി. തുടർച്ചയായി പോയിന്റുകൾ ജയിച്ച മെദ്വദേവ് മത്സരത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് മൂന്നാം സെറ്റിൽ ഏതാണ്ട് സമ്പൂർണ ആധിപത്യം ആണ് 21 കാരനായ ഫെലിക്‌സിന് എതിരെ മെദ്വദേവ് കാഴ്ച വച്ചത്. മൂന്നാം സെറ്റിൽ ഇരട്ട ബ്രൈക്ക് കണ്ടത്തിയ താരം സെറ്റ് 6-2 നു നേടി ഫൈനൽ ഉറപ്പിച്ചു. 2 മണിക്കൂറിൽ കൂടുതൽ നീണ്ട മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത മെദ്വദേവ് ലഭിച്ച 5 ബ്രൈക്ക് പോയിന്റ് അവസരങ്ങളും മുതലെടുത്തു. ഫൈനലിൽ കലണ്ടർ സ്‌ലാം തേടുന്ന നൊവാക് ജ്യോക്കോവിച്ച് കന്നി ഗ്രാന്റ് സ്‌ലാം തേടുന്ന അലക്‌സാണ്ടർ സെരവ് മത്സര വിജയിയെ ആണ് മെദ്വദേവ് നേരിടുക. ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ മെദ്വദേവും ജ്യോക്കോവിച്ചും ആയിരുന്നു നേർക്കുനേർ വന്നത്.