യു.എസ് ഓപ്പണിൽ ഇത് വരെ ഒരു സെറ്റ് പോലും നഷ്ടമാവാതെ സെമിഫൈനൽ കളിക്കാൻ എത്തിയ റഷ്യയുടെ മൂന്നാം സീഡ് ഡാനിൽ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ഓസ്ട്രിയൻ താരവും രണ്ടാം സീഡുമായ ഡൊമിനിക് തീം ഫൈനലിൽ. യു.എസ് ഓപ്പൺ ഫൈനലിൽ എത്തുന്ന ആദ്യ ഓസ്ട്രിയൻ താരം കൂടിയാണ് തീം. മികച്ച താരങ്ങൾ തമ്മിലുള്ള കടുത്ത പോരാട്ടം പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ പകരുന്ന പ്രകടനം ആണ് മെദ്വദേവിൽ നിന്ന് ഉണ്ടായത്. എന്നാൽ ഏതാണ്ട് മൂന്നു മണിക്കൂർ അടുത്ത് നിന്ന പോരാട്ടത്തിൽ വലിയ മോശം പ്രകടനം ആയിരുന്നില്ല റഷ്യൻ താരത്തിന്റേത്. വലിയ റാലികൾ കണ്ടു തന്നെയാണ് മത്സരം തുടങ്ങിയത്. എന്നാൽ ആദ്യം മുതൽ തന്നെ തീം ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ചു എങ്കിലും മെദ്വദേവ് ഇതെല്ലാം രക്ഷിച്ചു.
എന്നാൽ റഷ്യൻ താരത്തിന്റെ മൂന്നാം സർവീസിൽ ഒടുവിൽ ബ്രൈക്ക് കണ്ടത്തി തീം. റഫറിയുടെ തീരുമാനം ഇഷ്ടപ്പെടാതെ അവരോട് തർക്കിക്കുന്ന മെദ്വദേവിനു പിന്നീട് സെറ്റിൽ ഏകാഗ്രത നഷ്ടമാവുന്നത് ആണ് കണ്ടത്. തുടർന്നു ഒരിക്കൽ കൂടി റഷ്യൻ താരം സർവീസ് കൈവിട്ടപ്പോൾ 35 മിനിറ്റിനുള്ളിൽ ആദ്യ സെറ്റ് തീം 6-2 നു സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ തീമിന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത മെദ്വദേവ് സെറ്റിൽ മുന്നിലെത്തി. തുടർന്ന് ഇരു താരങ്ങളും സർവീസ് നിലനിർത്തി. എന്നാൽ സെറ്റിനായി സർവീസ് ചെയ്യുമ്പോൾ മെദ്വദേവിന്റെ സർവീസ് ബ്രൈക്ക് ചെയ്ത തീം സെറ്റിൽ തിരിച്ചു വന്നു.
തുടർന്നു ഒരിക്കൽ കൂടി തീമിന്റെ സർവീസ് ബ്രൈക്ക് ചെയ്യാനുള്ള അവസരം റഷ്യൻ താരത്തിന് ലഭിച്ചു എങ്കിലും ഇത് തടഞ്ഞ തീം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. കൂടുതൽ നെറ്റിലേക്ക് വന്നു ആക്രമിച്ച് കളിക്കുന്ന മെദ്വദേവിനെ ആണ് മത്സരത്തിൽ പിന്നീട് കണ്ടത്. എന്നാൽ ടൈബ്രേക്കറിൽ ഒരു സെറ്റ് പോയിന്റ് രക്ഷിക്കാൻ ആയെങ്കിലും സെറ്റ് കൈവിടുന്നത് തടയാൻ മെദ്വദേവിന് ആവാതിരുന്നപ്പോൾ രണ്ടാം സെറ്റും തീമിനു സ്വന്തം. അതിനു ശേഷം വൈദ്യസഹായം നേടാൻ തീം ഇടവേള എടുക്കുകയും ചെയ്തു. മൂന്നാം സെറ്റിൽ ആദ്യം തന്നെ ബ്രൈക്ക് പോയിന്റ് സൃഷ്ടിക്കാൻ തീമിനു ആയെങ്കിലും മെദ്വദേവ് ഇത് രക്ഷിച്ചു. തുടർന്ന് ബ്രൈക്ക് കണ്ടത്തിയ മെദ്വദേവ് രണ്ടാം സെറ്റിൽ എന്ന പോലെ ഈ സെറ്റിലും മുന്നിലെത്തി.
ഇതിനിടയിൽ ഇടക്ക് കളത്തിൽ സ്ഥിരത നഷ്ടപ്പെട്ടു വീഴാൻ ഇടയായത് തീമിനെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. വലിയ റാലികൾ തുടർന്നും മത്സരത്തിൽ കണ്ടു. ബ്രൈക്ക് പോയിന്റ് കണ്ടത്തിയ തീം വലിയ റാലിയിലൂടെ ഇത് മുതലാക്കി സെറ്റിൽ തിരിച്ചു വന്നു. മൂന്നാം സെറ്റും ടൈബ്രേക്കറിലേക്ക് പോയപ്പോൾ ആദ്യം തന്നെ തീം സെറ്റിൽ മുന്നിലെത്തി. ഇടക്ക് ഇരട്ടപ്പിഴവ് വരുത്തിയ മെദ്വദേവിനെയും കണ്ടു. പിറകെ നിന്ന ശേഷം മെദ്വദേവിന്റെ തിരിച്ചു വരവും ടൈബ്രേക്കറിൽ കണ്ടു, ഒരു മാച്ച് പോയിന്റ് രക്ഷിക്കാൻ സാധിച്ചു എങ്കിലും അനിവാര്യമായ തോൽവി ഒഴിവാക്കാൻ മെദ്വദേവിനു ആയില്ല.
കരിയറിലെ നാലാം ഗ്രാന്റ് സ്‌ലാം ഫൈനൽ ആണ് ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനു ഇത്. ഈ വർഷം രണ്ടാം ഗ്രാന്റ് സ്‌ലാം ഫൈനൽ കളിക്കാൻ ഒരുങ്ങുന്ന തീമിന്റെ ആദ്യ യു.എസ് ഓപ്പൺ ഫൈനൽ കൂടിയാണ് ഇത്. മുമ്പ് 3 തവണ ഫൈനലിൽ രണ്ടു തവണ നദാലിനോട് ഫ്രഞ്ച് ഓപ്പണിലും ഒരു തവണ ഓസ്‌ട്രേലിയൻ ഓപ്പണിൽ ജ്യോക്കോവിച്ചിനോടും തോൽവി വഴങ്ങിയ തീമിനു ഇത്തവണ ഫൈനലിൽ ജർമ്മൻ താരം അലക്‌സാണ്ടർ സെരവ് ആണ് എതിരാളി. തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ കളിക്കാൻ അഞ്ചാം സീഡ് സെരവ് ഒരുങ്ങുമ്പോൾ നാലാം ഗ്രാന്റ് സ്‌ലാം ഫൈനലിൽ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടാനേട്ടം ആവും രണ്ടാം സീഡ് തീം ഞായറാഴ്ച ലക്ഷ്യം വക്കുക.