ഗോളടി തുടർന്ന് ഹാളണ്ട്, സെർബിയെ വീഴ്ത്തി നോർവെ

Wasim Akram

രാജ്യത്തിനു ആയി തന്റെ അതുഗ്രൻ ഗോളടി മികവ് തുടർന്ന് പുതിയ മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റനിര താരം എർലിങ് ഹാളണ്ട്. ഹാളണ്ടിന്റെ ഗോളിൽ സെർബിയയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് നേഷൻസ് ലീഗിൽ നോർവെ വീഴ്ത്തിയത്. കഴിഞ്ഞ 6 മത്സരങ്ങളിൽ നിന്നു രാജ്യത്തിനു ആയി ഹാളണ്ട് നേടുന്ന ഒമ്പതാം ഗോൾ ആയിരുന്നു ഇത്.

സെർബിയയുടെ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ 26 മത്തെ മിനിറ്റിൽ ആണ് വിജയഗോൾ പിറന്നത്. ഒഡഗാർഡ് ഒരുക്കിയ അവസരത്തിൽ മാർകസ് പെഡർസന്റെ പാസിൽ നിന്നു ഇടത് കാലൻ അടിയിലൂടെ ആയിരുന്നു ഹാളണ്ട് നോർവെക്ക് ജയം സമ്മാനിച്ചത്.