എന്റമ്മോ!!! തന്റെ ഇടത് കാലിനു പ്രായം ആയില്ലെന്നു തെളിയിച്ചു സ്വന്തം ഹാഫിൽ നിന്നു പെഡോൾസ്കിയുടെ ഇടിവെട്ട് ഗോൾ!

Wasim Akram

അന്താരാഷ്ട്ര കരിയറിൽ നിന്നു വിരമിച്ചു അഞ്ചു വർഷം ആയിട്ടും തന്റെ ഇടത് കാലിന്റെ ശക്തി ഇപ്പോഴും ചോർന്നു പോയിട്ടില്ലെന്നു തെളിയിച്ചു ജർമ്മൻ താരം ലൂകാസ് പെഡോൾസ്കി. നിലവിൽ പോളണ്ട് ക്ലബ് ഗോർണിക് സെബ്രെക്ക് ആയി കളിക്കുന്ന മുൻ ബയേൺ മ്യൂണിക്, ആഴ്‌സണൽ താരം ഇന്ന് നടന്ന മത്സരത്തിൽ ആണ് അവിശ്വസനീയ ഗോൾ നേടിയത്.

പോഗോനെ 4-1 നു തോൽപ്പിച്ച മത്സരത്തിൽ 73 മത്തെ മിനിറ്റിൽ സ്വന്തം പകുതിയിൽ നിന്നു എതിർ ഗോൾ കീപ്പർ കയറി നിന്നത് ശ്രദ്ധിച്ച പെഡോൾസ്കി അവിശ്വസനീയ ഷോട്ടിലൂടെ ഗോൾ നേടുക ആയിരുന്നു. ഈ സീസണിൽ പുഷ്‌കാസ് അവാർഡ് നേടാൻ സാധ്യതയുള്ള ഗോൾ തന്നെ ആയിരുന്നു ഇത്. 2014 ൽ ജർമ്മനിക്ക് ആയി ലോകകപ്പ് നേടിയ താരം തന്റെ ഇടത് കാലൻ ബുള്ളറ്റ്, ലോങ് റേഞ്ച് ഗോളുകൾക്ക് ഏറെ പ്രസിദ്ധൻ ആണ്. 37 മത്തെ വയസ്സിൽ തന്റെ ഇടത് കാലിനു ഇപ്പോഴും പഴയ കരുത്തുണ്ട് എന്നു പെഡോൾസ്കി ഗോളിലൂടെ തെളിയിക്കുക ആയിരുന്നു.