അക്ഷരാർത്ഥത്തിൽ അവിശ്വസനീയമായ പ്രകടനവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി ബ്രിട്ടീഷ് താരവും മുൻ ഗ്രാന്റ് സ്‌ലാം ജേതാവുമായ ആന്റി മറെ. ജപ്പാൻ താരം യോഷിഹിറ്റോ നിഷോക്കയോട് ആദ്യ 2 സെറ്റുകൾ വഴങ്ങിയ ശേഷം ആണ് മറെ ഏതാണ്ട് 5 മണിക്കൂറുകൾ നീണ്ട മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചു വരവ് നടത്തിയത്. ആദ്യ 2 സെറ്റുകൾ 6-4, 6-4 എന്ന സ്കോറിന് സ്വന്തമാക്കിയ ജപ്പാൻ താരം മത്സരം വെറും ഒരു സെറ്റ് അകലെയാക്കി.
എന്നാൽ മൂന്നാം സെറ്റിൽ ടൈബ്രേക്കറിലൂടെ മത്സരത്തിൽ തിരിച്ചു വന്ന മറെ തന്റെ പോരാട്ടവീര്യം പുറത്തെടുത്തു. വിട്ട് കൊടുക്കാൻ തയ്യാറാവാതെ പൊരുതിയ മറെ നാലാം സെറ്റിലും സമാനമായ പ്രകടനം ആവർത്തിച്ചു. നാലാം സെറ്റും ടൈബ്രേക്കറിലൂടെ നേടിയ താരം മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ബ്രൈക്ക് വഴങ്ങിയ മറെ മത്സരം കൈവിടും എന്നു തോന്നിയെങ്കിലും മികച്ച മത്സരം പുറത്ത് എടുത്ത ജപ്പാൻ താരത്തിന്റെ അടുത്ത സർവീസ് ബ്രൈക്ക് ചെയ്തു തന്റെ മികവ് വീണ്ടും തെളിയിച്ചു.
തുടർന്ന് ജപ്പാൻ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്ത മറെ അഞ്ചാം സെറ്റ് 6-4 നു നേടി മത്സരം സ്വന്തമാക്കി. സമീപകാലത്ത് നിരന്തരം പരിക്ക് വേട്ടയാടി കരിയർ അവസാനിപ്പിക്കും എന്നു കരുതിയ ഇതിഹാസ താരം തന്റെ കാലവും പോരാട്ടവീര്യവും അവസാനിച്ചില്ലെന്നു ആർതർ ആഷെയിൽ ഉറക്കെ പ്രഖ്യാപിച്ചു. ഏതാണ്ട് ഒന്നര വർഷത്തിന് ശേഷം ഗ്രാന്റ് സ്‌ലാം കളിക്കാൻ ഇറങ്ങിയ മറെ 2 വർഷത്തിനു ശേഷമാണ് ഗ്രാന്റ് സ്‌ലാമിൽ ഒരു ജയം കാണുന്നത്. മത്സരശേഷം വികാരീതനായ മറെയെ ആണ് കളത്തിൽ കാണാൻ ആയത്.