അണ്ടർ 20 ലോകകപ്പ് കിരീടം ഉക്രൈന് സ്വന്തം. ഇന്ന് നടന്ന ആവേശ ഫൈനലിൽ കൊറിയയുടെ ഹൃദയം തകർത്താണ് ഉക്രൈൻ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. കളിയുടെ അഞ്ചാം മിനുട്ടിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഉക്രൈന്റെ ഈ തിരിച്ചടിയും വിജയവും.
കളി തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ കൊറിയക്ക് ഒരു പെനാൾട്ടി ലഭിച്ചിരുന്നു. അത് ലക്ഷ്യത്തിൽ എത്തിച്ച് ലീ കൊറിയയെ മുന്നിലെത്തിച്ചപ്പോൾ ആദ്യ ലോകകപ്പ് കിരീടം അവർ സ്വപ്നം കണ്ടു. എന്നാൽ ഉക്രൈന്റെ തിരിച്ചടിയിൽ എല്ലാം തകർന്നു. സുപ്രിയഹയുടെ ഇരട്ട ഗോളായിരുന്നു ഉക്രൈനെ തിരിച്ചു കിണ്ടു വന്നത്.
33ആം മിനുട്ടിൽ സമനില ഗോൾ നേടിയ സുപ്രിയഹ 52ആം മിനുട്ടിൽ ഉക്രൈന് ലീഡും നൽകി. കളിയിൽ ഒരു സമനിലക്കായി കൊറിയ പൊരുതുന്നതിനിടെ ഒരു അതിവേഗ കുതിപ്പിലൂടെ ഗോൾ നേടിക്കൊണ്ട് സിതഷ്വെലി ഉക്രൈന്റെ വിജയവും ഉറപ്പിച്ചു. സെമിയിൽ ഇറ്റലിയെ തോൽപ്പിച്ചായിരുന്നു ഉക്രൈൻ ഫൈനലിലേക്ക് മുന്നേറിയത്. ഉക്രൈന്റെ ആദ്യ അണ്ടർ 20 ലോകകപ്പ് കിരീടമാണിത്.