സ്‌കോട്ടിഷ് ഫുട്‌ബോളിന് പുതിയ ഊർജ്ജം പകർന്നു റേഞ്ചേഴ്‌സ് യൂറോപ്പ ലീഗ് ഫൈനലിൽ. സെമിഫൈനലിൽ ആദ്യ പാദത്തിൽ 1-0 നു പിന്നിൽ ആയിരുന്ന അവർ രണ്ടാം പാദ സെമിയിൽ സ്വന്തം മൈതാനത്ത് ജർമ്മൻ ടീം ആർ.ബി ലൈപ്സിഗിനെ 3-1 നു തോൽപ്പിച്ചു ആണ് ഫൈനലിൽ എത്തിയത്. പന്ത് കൂടുതൽ നേരം കൈവശം വച്ചത് ജർമ്മൻ ടീം ആയിരുന്നു എങ്കിലും കൂടുതൽ അപകടകരമായ അവസരങ്ങൾ തുറന്നത് റേഞ്ചേഴ്‌സ് ആയിരുന്നു. 18 മത്തെ മിനിറ്റിൽ തന്റെ ഏഴാം യൂറോപ്പ ലീഗ് ഗോൾ നേടിയ ജെയിംസ് ടാവർനിയർ ആണ് റേഞ്ചേഴ്‌സിന് മുൻതൂക്കം നൽകിയത്. ഗ്ലെൻ കമാരയുടെ മികച്ച നീക്കത്തിന് ഒടുവിൽ റയാൻ കെന്റിന്റെ പാസിൽ നിന്നാണ് ടാവർനിയർ ഗോൾ നേടിയത്. ആറു മിനിറ്റുകൾക്ക് ശേഷം റേഞ്ചേഴ്‌സ് തങ്ങളുടെ രണ്ടാം ഗോളും നേടി.
ഇത്തവണ സ്‌കോട്ട് റൈറ്റിന്റെ പാസിൽ നിന്നു ഗ്ലെൻ കമാര മികച്ച ഷോട്ടിലൂടെ സ്‌കോട്ടിഷ് ടീമിന് രണ്ടാം ഗോളും സമ്മാനിച്ചു. തുടർന്ന് ഇരു പാദങ്ങളിലും ആയി 2-1 പിന്നിലായ ലൈപ്സിഗ് ഗോൾ തിരിച്ചടിക്കാൻ ശ്രമങ്ങൾ നടത്തി. രണ്ടാം പകുതിയിൽ 70 മത്തെ മിനിറ്റിൽ ആഞ്ചലീന്യോയുടെ പാസിൽ നിന്നു ക്രിസ്റ്റഫർ എങ്കുങ്കു ലൈപ്സിഗിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. എന്നാൽ പത്ത് മിനിറ്റുകൾക്ക് ഉള്ളിൽ റേഞ്ചേഴ്‌സ് ഫൈനൽ ഉറപ്പിച്ചു. റയാൻ കെന്റിന്റെ അപകടകരമായ ക്രോസ് ലൈപ്സിഗ് ബോക്‌സിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ കിട്ടിയ അവസരം ജോൺ ലുണ്ട്സ്ട്രാം ഗോൾ ആക്കി മാറ്റിയതോടെ റേഞ്ചേഴ്‌സ് ആരാധകർ ആവേശ കൊടുമുടിയിൽ ആയി. മത്സര ശേഷം ഇബ്രോക്‌സ് പൊട്ടിത്തെറിക്കുക തന്നെയായിരുന്നു. 1972 ലെ യൂറോപ്യൻ കപ്പ് വിന്നേഴ്‌സ് കപ്പിന് ശേഷം ഒരു യൂറോപ്യൻ കിരീടം ആവും ഫൈനലിൽ ഫ്രാങ്ക്ഫർട്ടിനു എതിരെ റേഞ്ചേഴ്‌സ് ലക്ഷ്യം വക്കുക.