യുഫേഫ നാഷൻസ് ലീഗ് 2020-21 സീസണിലെ മത്സരക്രമം പുറത്ത് വന്നു. കഴിഞ്ഞ തവണ എന്ന പോലെ റാങ്കിങ് ക്രമത്തിൽ 4 ലീഗുകൾ ആയി തിരിച്ചു തന്നെയാണ് ഇത്തവണയും മത്സരങ്ങൾ നടക്കുക. ലീഗ് എയിൽ ഗ്രൂപ്പ് ഒന്നിൽ 4 തവണ ലോക ജേതാക്കൾ ആയ ഇറ്റലിക്ക് ഒപ്പം ശക്തരായ നെതർലന്റ്സ്, അട്ടിമറികൾക്ക് കെൽപ്പുള്ള പോളണ്ട്, ബോസ്നിയ ഹെർസഗോവിന എന്നിവർ അണിനിരക്കുന്നു. കഴിഞ്ഞ ലോകകപ്പ് യോഗ്യത നേടാൻ സാധിക്കാത്ത ഇറ്റലി, ഹോളണ്ട് മികച്ച ഫോമിൽ ആണ് സമീപകാലത്ത്. കൂടാതെ ഹോളണ്ട് കഴിഞ്ഞ കൊല്ലം നേഷൻസ് ലീഗ് ഫൈനൽ കളിച്ച ടീമും. അതേസമയം ഗ്രൂപ്പ് രണ്ടിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തിനു ഒപ്പം ആണ് ഇംഗ്ലണ്ടിന്റെ സ്ഥാനം. കൂടാതെ കഴിഞ്ഞ ലോകകപ്പിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയ ഐസ്ലാന്റ്, ഡെൻമാർക്ക് ടീമുകളും ഗ്രൂപ്പിൽ അണിനിരക്കുന്നു. കഴിഞ്ഞ ലോകകപ്പ് സെമി കളിച്ച ടീമുകൾ ആണ് ഇംഗ്ലണ്ടും ബെൽജിയവും.
അതേസമയം ഏറ്റവും ബുദ്ധിമുട്ടുള്ള ഗ്രൂപ്പ് എന്നു വിളിക്കാവുന്ന ഗ്രൂപ്പ് 3 ൽ ആണ് ലോക ജേതാക്കൾ ആയ ഫ്രാൻസ്, നിലവിലെ ജേതാക്കളും യൂറോ കപ്പ് ജേതാക്കളും ആയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ എന്നിവരുടെ സ്ഥാനം. ഇവരെ കൂടാതെ അപകടകാരികൾ ആയ ക്രൊയേഷ്യ, സ്വീഡൻ ടീമുകളുടെ സാന്നിധ്യം ഗ്രൂപ്പിനെ പ്രവചനങ്ങൾക്ക് അപ്പുറം ആക്കുന്നു. ഗ്രൂപ്പ് 4 ൽ മുൻ ലോക ജേതാക്കൾ ആയ ജർമ്മനി, സ്‌പെയിൻ എന്നിവരുടെ സ്ഥാനം. ഇവരെ കൂടാതെ അത്ര ഒന്നും എഴുതി തള്ളാൻ ആവാത്ത സ്വിസ്സർലന്റ്, ഉക്രൈൻ ടീമുകളും ഈ ഗ്രൂപ്പിൽ ആണ്.
അതേസമയം ലീഗ് ബിയിൽ ഒന്നാം ഗ്രൂപ്പിൽ ഓസ്ട്രിയ, നോർവ്വ, റൊമാനിയ എന്നിവർക്ക് ഒപ്പം വടക്കൻ അയർലന്റും അണിനിരക്കുന്നു. ഗ്രൂപ്പ് രണ്ടിൽ ആവട്ടെ ചെക് റിപ്പബ്ലിക്, സ്‌കോട്ട്‌ലന്റ്, സ്ലൊവാക്യ, ഇസ്രേയൽ ടീമുകളും അണിനിരക്കുന്നു. ഗ്രൂപ്പ് മൂന്നിൽ ഏതാണ്ട് ഒന്നിനൊന്നു ശക്തരായ റഷ്യ, സെർബിയ, തുർക്കി, ഹംഗറി ടീമുകളും അണിനിരക്കുന്നു. അതേസമയം ഗ്രൂപ്പ് നാലിൽ ആണ് ബ്രിട്ടീഷ് ടീമായ വെയിൽസ്, റിപ്പബ്ലിക് ഓഫ് അയർലന്റ്, ഫിൻലന്റ്, ബൾഗേറിയ ടീമുകളുടെ സ്ഥാനം.
ലീഗ് സിയിൽ ഗ്രൂപ്പ് ഒന്നിൽ അസർബൈജാൻ, ലക്‌സംബർഗ്, സൈപ്രസ്, മോണ്ടനെഗ്രോ ടീമുകൾ അണിനിരക്കുമ്പോൾ ഗ്രൂപ്പ് രണ്ടിൽ അർമേനിയ, എസ്റ്റോണിയ, വടക്കൻ മസഡോണിയ, ജോർജിയ എന്നീ ടീമുകൾ അണിനിരക്കുന്നു. അതേസമയം ഗ്രൂപ്പ് മൂന്നിൽ ഗ്രീസ്, സ്ലൊവേനിയ, മോൾഡോവ എന്നിവർക്ക് ഒപ്പം ആണ് കൊസോവയുടെ സ്ഥാനം. ഗ്രൂപ്പ് നാലിൽ ആണ് അൽബാനിയ, കസാഖിസ്ഥാൻ, ലിത്വാനിയ, ബെലാറസ് ടീമുകളുടെ സ്ഥാനം. അതേസമയം ലീഗ് ഡിയിൽ 2 ഗ്രൂപ്പുകൾ ആണ് ഉള്ളത്. ഗ്രൂപ്പ് ഒന്നിൽ മാൾട്ട, ഫറോ ദ്വീപുകൾ, ലാത്വിയ, അണ്ടോറ ടീമുകൾ അണിനിരക്കുമ്പോൾ രണ്ടാമത്തെ ഗ്രൂപ്പിൽ സാൻ മറിനോ, ജിബ്രൽട്ടാർ, ലെസ്റ്റൻസ്റ്റീൻ എന്നീ രാജ്യങ്ങളും അണിനിരക്കുന്നു.