ഉദിനീസിനെയും കീഴടക്കി സീരി എയിലെ തെരോട്ടത്തിന് ലോകകപ്പിന്റെ ഇടവേള നൽകി നാപോളി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നാപോളി സ്വന്തം തട്ടകത്തിൽ വിജയം കണ്ടെത്തിയത്. ഇതോടെ ഒന്നാം സ്ഥാനത്ത് ഒൻപത് പോയിന്റ് ലീഡ് നേടാനും അവർക്കയി. രണ്ടാം സ്ഥാനത്തുള്ള ലാസിയോക്ക് യുവന്റസും മിലാന് ഫ്‌യോറന്റിനയും ആണ് എതിരാളികൾ.
തുടക്കം മുതൽ ആക്രമണമായിരുന്നു ഇരു ടീമുകളും ലക്ഷ്യം വെച്ചത്. ബെറ്റോക്കും ദെലൂഫുവിനും തുടക്കത്തിൽ ലഭിച്ച മികച്ച അവസരങ്ങൾ ഗോൾ ആക്കാൻ കഴിയാതെ പോയത് ഉദിനിസിന് തിരിച്ചടി ആയി. പതിയെ താളം കണ്ടെത്തിയ നാപോളി പതിനഞ്ചാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ഇടത് വശത്തും നിന്നും എൽമാസ് നൽകിയ ഒന്നാന്തരമൊരു ക്രോസ് ബോക്സിന്റെ മധ്യത്തിൽ നിൽക്കുകയായിരുന്ന ഒസിമന് തലവെക്കാൻ പാകത്തിൽ ഉള്ളതായിരുന്നു. മുപ്പത്തിയൊന്നാം മിനിറ്റിൽ രണ്ടാം ഗോൾ എത്തി. നാപോളിയുടെ തനത് ശൈലിയിൽ അതിവേഗ കൗണ്ടറിലൂടെ എത്തിയ ബോൾ ബോക്സിന്റെ ഓരത്തു നിന്നും സെലിൻസ്കി കണ്ണഞ്ചിക്കുന്ന ഫിനിഷിങ്ങിലൂടെ വലയിൽ എത്തിച്ചു. രണ്ടു ഗോളിന്റെ ലീഡുമായി നാപോളി ആദ്യ പകുതിക്ക് പിരിഞ്ഞു.
രണ്ടാം പകുതിയിൽ നാപോളി തന്നെ ഗോളടിക്ക് തുടക്കമിട്ടു. ആദ്യ ഗോളിന് വഴിയൊരുക്കിയ എൽമാസ് ഇത്തവണ വല കുലുക്കി. എന്നാൽ തുടക്കം മുതൽ തുടർച്ചായി ആക്രമിച്ചു കൊണ്ടിരുന്ന ഉദിനിസിന്റെ വഴിക്ക് മത്സരത്തിന്റെ അവസാന മിനിറ്റുകൾ തിരിയുന്നതാണ് കണ്ടത്. എഴുപതിയൊനപതാം മിനിറ്റിൽ നെസ്തറോവ്സ്കിയിലൂടെ തങ്ങളുടെ ആദ്യ ഗോൾ കണ്ടെത്തിയ ഉദിനിസ് മൂന്ന് മിനിറ്റുകൾക്ക് ശേഷം അടുത്ത ഗോളും കണ്ടെത്തി. ഇതോടെ അപകടം മണത്ത നാപോളി പതറാതെ പിടിച്ചു നിന്ന് മത്സരം അവസാനിപ്പിച്ചു.